ഐഎസ്എൽ 2025-26 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഹോം ഗ്രൗണ്ടിൽ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുഹമ്മദൻ എസ്‌സിയെ 3-1ന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് ഹാട്രിക് ജയം പൂർത്തിയാക്കിയത്.
മത്സരത്തിന്റെ 42-ാം മിനിറ്റിൽ മഹിതോഷ് റോയിയുടെ ലോംഗ് റേഞ്ച് ഗോളിലൂടെ മുഹമ്മദൻ ലീഡ് നേടിയിരുന്നു. എന്നാൽ രണ്ട് മിനിറ്റിനകം കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. കെവിൻ യോക്കിന്റെ പാസിൽ ഫ്രാഞ്ചു നേടിയ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു.
രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് ആധിപത്യം സ്ഥാപിച്ചു. 59-ാം മിനിറ്റിൽ കെവിൻ യോക്ക് നൽകിയ ക്രോസിൽ നിന്ന് വിക്ടർ ബെർട്ടോമിയു ഹെഡറിലൂടെ ഗോൾ നേടി ടീമിനെ മുന്നിലെത്തിച്ചു. 74-ാം മിനിറ്റിൽ മലയാളി താരം എം.എസ്. ശ്രീക്കുട്ടൻ നേടിയ ഗോളോടെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു.
ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ പരിശീലനത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നാലാം ജയമാണിത്. അദ്ദേഹത്തിന്റെ കീഴിൽ കളിച്ച ആറ് മത്സരങ്ങളിൽ നാല് ജയവും ഒരു സമനിലയും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. 12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ടീം ലീഗ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

