ഷാങ്ഹായിൽ നടന്ന അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് രണ്ടിൽ ഇന്ത്യൻ വനിതാ റിക്കർവ് ടീം സ്വർണമെഡൽ നേടി. ദീപിക കുമാരി, അങ്കിത ഭകത്, കൗമാരതാരം കുംകും മൊഹോദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇന്ത്യയ്ക്കായി സ്വർണം സ്വന്തമാക്കിയത്.
ഫൈനലിൽ ആതിഥേയരായ ചൈനയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. കടുത്ത പോരാട്ടത്തിനൊടുവിൽ മത്സരം 4-4 ന് സമനിലയായതിനെ തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ ഇന്ത്യ 5-4 (28-26) ന് വിജയം ഉറപ്പിച്ചു.
ടൂർണമെന്റിൽ ശക്തരായ ദക്ഷിണ കൊറിയയെ സെമിഫൈനലിൽ 5-1 ന് തോൽപ്പിച്ചായിരുന്നു ഇന്ത്യൻ ടീം ഫൈനലിലെത്തിയത്. അഞ്ച് വർഷത്തിനുശേഷമാണ് വനിതാ റിക്കർവ് ടീം ലോകകപ്പിൽ സ്വർണം നേടുന്നത്.

