ക്യാൻസറിനെ പ്രതിരോധിക്കാൻ വാക്സിൻ: ആലപ്പുഴ ജില്ലയിൽ മെയ് 31 വരെ

ആലപ്പുഴ: ഗർഭാശയഗള ക്യാൻസറിനെ പ്രതിരോധിക്കുന്ന HPV വാക്സിൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലൂടെ 14 വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്ക് നൽകുന്നു.പൊതു വിപണിയിൽ 4000 രൂപ വരെ വിലവരുന്ന വാക്സിനാണ് തികച്ചും സൗജന്യമായി ലഭ്യമാക്കുന്നത്. വിദേശരാജ്യങ്ങളിലും ഇന്ത്യയിൽ സ്വകാര്യ മേഖലയിലും സുരക്ഷിതമായി നൽകിവരുന്ന വാക്സിൻ ഫെബ്രുവരി 28 മുതൽ സർക്കാർ ആശുപത്രികളിലൂടെ സൗജന്യമായി ലഭ്യമാക്കുന്നു.

ജില്ലയിൽ ഇതുവരെ 6363 പെൺകുട്ടികൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ 76417 പെൺകുട്ടികൾക്കും വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ക്യാൻസറുകളിൽ രണ്ടാം സ്ഥാനമാണ് ഗർഭാശയഗള ക്യാൻസറിനുള്ളത്. ഗർഭാശയഗള ക്യാൻസറിനെ മാത്രമല്ല ഹ്യൂമൻ പാപ്പിലോമ വൈറസ് വകഭേദങ്ങൾ ഉണ്ടാക്കുന്ന തൊണ്ടയിലെ ചിലതരം ക്യാൻസറുകൾ , ഏനൽ ക്യാൻസർ തുടങ്ങിയവയെയും പ്രതിരോധിക്കാൻ ഈ വാക്സിന് കഴിയുന്നു.ഒറ്റ കുത്തിവെപ്പിലൂടെ നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരാകാനുള്ള അവസരമാണിത്. മെയ് 31 വരെയാണ് വാക്സിൻ ലഭ്യമാകുന്നത്.14 വയസ്സ് പൂർത്തിയായി 15 വയസ്സും മൂന്നുമാസവും ആയ കുട്ടികൾക്കും വാക്സിൻ എടുക്കാവുന്നതാണ്. വാക്സിൻ ലഭ്യമാകുന്ന തീയതിയും സമയവും നിങ്ങളുടെ അടുത്തുള്ള ആരോഗ്യപ്രവർത്തകരിൽ നിന്നും മുൻകൂർ മനസ്സിലാക്കുക. ആധാർ കാർഡ് പോലെയുള്ള ആധികാരിക രേഖകൾ വയസ്സ് തെളിയിക്കുന്നതിന് കൊണ്ടു പോകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *