കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ ‘രണ്ടാം വിവാഹം’ സംബന്ധിച്ച ആരോപണത്തിൽ കളമശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാജ ആരോപണമാണ് ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാജു പി. നായർ നൽകിയ പരാതിയിൽ പൊലീസ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി. ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
റിപ്പോർട്ടർ ടിവിയിൽ എസ്‌ഐടി റെയ്ഡ് നടത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാനില്ലെന്ന് ആന്റോ അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ പൊതുമധ്യത്തിൽ അവഹേളിക്കുന്ന തരത്തിൽ വ്യാജ ആരോപണം ഉന്നയിച്ചെന്ന പരാതിയുമായി രാജു പി. നായർ പൊലീസിനെ സമീപിച്ചത്.
ബൈന്ദൂർ സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള വിവാഹ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ കൈവശമുണ്ടെന്ന് ആന്റോ അഗസ്റ്റിൻ അവകാശപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. രാജു പി. നായരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് രാജു പി. നായരുടെ ആരോപണം. റിപ്പോർട്ടർ ടിവിയിൽ നടന്ന റെയ്ഡിനിടയിലും ആന്റോ അഗസ്റ്റിൻ ആരോപണം ആവർത്തിച്ചെന്നും ഇത് ബ്ലാക്ക്‌മെയിൽ തന്ത്രത്തിന്റെ ഭാഗമാണെന്നും രാജു പി. നായർ പ്രതികരിച്ചു. ആരോപണവുമായി ബന്ധപ്പെട്ട രേഖകൾ പൊതുസമൂഹത്തിന് മുന്നിൽ ഹാജരാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

