ചൂടിലുരുകി കേരളം; കോട്ടയത്ത് താപനില സാധാരണയേക്കാൾ 4.6 ഡിഗ്രി കൂടി; കൊച്ചിയിലും പാലക്കാട്ടും കനത്ത ചൂട്

തിരുവനന്തപുരം: ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നു. രണ്ട് മുതൽ നാല് ഡിഗ്രി വരെ താപനില ഉയരുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമെങ്കിലും പലയിടങ്ങളിലും ചൂട് അതിലും മുകളിലെത്തി. കോട്ടയത്താണ് ഏറ്റവും ഉയർന്ന വ്യതിയാനം രേഖപ്പെടുത്തിയത്; സാധാരണയേക്കാൾ 4.6 ഡിഗ്രി സെൽഷ്യസ് അധികം താപനിലയാണ് ഇവിടെ അനുഭവപ്പെട്ടത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും പാലക്കാട്ടും ചൂട് നാല് ഡിഗ്രിയിലധികം ഉയർന്നു. എൽനിനോയുടെ സ്വാധീനമാണ് സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടാൻ പ്രധാന കാരണം.

കോട്ടയത്ത് ഇന്ന് 35.5 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. പുനലൂരിൽ 35.8 ഡിഗ്രി സെൽഷ്യസും (3.8 ഡിഗ്രി കൂടുതൽ), കോഴിക്കോട്ട് 35.1 ഡിഗ്രി സെൽഷ്യസും (3.9 ഡിഗ്രി കൂടുതൽ), മട്ടന്നൂർ വിമാനത്താവളത്തിൽ 34.8 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 34.7 ഡിഗ്രി സെൽഷ്യസും (4.2 ഡിഗ്രി കൂടുതൽ), പാലക്കാട് 34.6 ഡിഗ്രി സെൽഷ്യസും (4.1 ഡിഗ്രി കൂടുതൽ), തൃശൂർ വെള്ളാനിക്കരയിൽ 34.2 ഡിഗ്രി സെൽഷ്യസും (3.0 ഡിഗ്രി കൂടുതൽ), തിരുവനന്തപുരം സിറ്റിയിൽ 34 ഡിഗ്രി സെൽഷ്യസും (2.0 ഡിഗ്രി കൂടുതൽ) റിപ്പോർട്ട് ചെയ്തു. കണ്ണൂരിൽ 33.7 ഡിഗ്രി സെൽഷ്യസും (2.6 ഡിഗ്രി കൂടുതൽ), കരിപ്പൂർ വിമാനത്താവളത്തിൽ 33.5 ഡിഗ്രി സെൽഷ്യസും (3.4 ഡിഗ്രി കൂടുതൽ), തിരുവനന്തപുരം വിമാനത്താവളത്തിൽ 32.3 ഡിഗ്രി സെൽഷ്യസുമാണ് (1.7 ഡിഗ്രി കൂടുതൽ) ഉയർന്ന താപനില.

കേരളത്തിൽ നാല് ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തുന്നുണ്ടെങ്കിലും അയൽ സംസ്ഥാനങ്ങളിൽ ഇതിലും രൂക്ഷമായ സ്ഥിതിയാണുള്ളത്. തീരദേശ ആന്ധ്രാപ്രദേശ്, വടക്കൻ-തെക്കൻ ഉൾനാടൻ കർണാടക തുടങ്ങിയ മേഖലകളിൽ സാധാരണയേക്കാൾ 5.1 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തുന്നത്. അതേസമയം, ഉയർന്ന ചൂട് നിലനിൽക്കുന്നുണ്ടെങ്കിലും നാളെ കേരളത്തിൽ പ്രത്യേക താപനില മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *