ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരിൽ വ്യാജ സമ്മാനക്കത്ത് തട്ടിപ്പ്; ജാഗ്രതാ നിർദേശവുമായി പോലീസ്

തിരുവനന്തപുരം: പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരിൽ രജിസ്റ്റേർഡ് തപാൽ വഴി വ്യാജ സമ്മാനക്കത്തുകൾ അയച്ച് പണം തട്ടിയെടുക്കുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. ആകർഷകമായ സ്ക്രാച്ച് കാർഡുകൾ അടങ്ങിയ കത്തുകൾ വഴിയാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. കത്തുകളിലെ കാർഡ് സ്ക്രാച്ച് ചെയ്യുമ്പോൾ വലിയ തുക സമ്മാനമായി ലഭിച്ചതായി കാണിക്കുകയും, ഇത് കൈപ്പറ്റുന്നതിനായി അതിൽ നൽകിയിട്ടുള്ള ഹെൽപ്‌ലൈൻ നമ്പറിലോ വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാൻ ആവശ്യപ്പെടുകയുമാണ് ഇവരുടെ പ്രവർത്തനരീതി.

തുടർന്ന് കമ്പനി പ്രതിനിധികളെന്ന വ്യാജേന സംസാരിക്കുന്ന സംഘം, സമ്മാനത്തുക ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്നതിന് മുന്നോടിയായി പ്രോസസ്സിംഗ് ഫീസ്, ഡോക്യുമെന്റേഷൻ ചാർജ്, ഇൻകം ടാക്സ് തുടങ്ങിയ വിവിധ ഇനങ്ങളിൽ മുൻകൂറായി പണം ആവശ്യപ്പെടുന്നു. ഉപഭോക്താക്കളിൽ പൂർണ്ണ വിശ്വാസ്യത വരുത്തുന്നതിനായി വ്യാജമായി നിർമ്മിച്ച ഇൻകം ടാക്സ് രേഖകളും ഔദ്യോഗിക മുദ്രകളും ഇവർ വാട്സാപ്പ് വഴി അയച്ചുനൽകുകയും ചെയ്യും. എന്നാൽ ആവശ്യപ്പെടുന്ന പണം നൽകിക്കഴിഞ്ഞാൽ പിന്നീട് ഇവരുമായി യാതൊരു തരത്തിലും ബന്ധപ്പെടാൻ സാധിക്കില്ല.

സ്ക്രാച്ച് കാർഡുകളോ ഗിഫ്റ്റ് ഓഫറുകളോ വാഗ്ദാനം ചെയ്ത് മുൻകൂറായി പണം ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ വ്യക്തമായ ലക്ഷണമാണെന്ന് പോലീസ് വ്യക്തമാക്കി. അപരിചിതമായ നമ്പറുകളിലേക്ക് തിരിച്ചുവിളിക്കുകയോ വാട്സാപ്പ് വഴി ബാങ്ക് വിവരങ്ങൾ അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ ഒട്ടും വൈകാതെ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *