കൊച്ചി: വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇൻസ്പയർ അവാർഡ് ‘മനാകിൻ്റെ’ സംസ്ഥാനതല പ്രദർശനം ശ്രദ്ധേയമാകുന്നു. എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന പ്രദർശന പരിപാടിയുടെ ഉദ്ഘാടനം കൊച്ചി കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിസ്മി ജെറാൾഡ് നിർവഹിച്ചു. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ആർ.എസ്. ഷിബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ തലത്തിൽ ആറ് മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികളിൽ നിന്നാണ് പുത്തൻ ആശയങ്ങൾ സ്വീകരിച്ചത്. ഒരു സ്കൂളിൽ നിന്ന് അഞ്ച് ആശയങ്ങൾ എന്ന ക്രമത്തിൽ ലഭിച്ചവയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവ പ്രായോഗിക രൂപത്തിലാക്കുന്നതിനായി ഓരോ വിദ്യാർഥിക്കും 10,000 രൂപ വീതം സ്പോൺസർഷിപ്പ് നൽകിയിരുന്നു. ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തവരിൽ നിന്നും മികവ് പുലർത്തിയ 10 ശതമാനം വിദ്യാർഥികളാണ് സംസ്ഥാനതല പ്രദർശനത്തിനായി എറണാകുളത്ത് എത്തിയത്. ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 10 ശതമാനം പേർക്ക് ദേശീയതല മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അവസരം ലഭിക്കും.
വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, സ്റ്റേറ്റ് നോഡൽ ഓഫീസർ ദീപ മാർട്ടിൻ, എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സക്കീന മലയിൽ കണ്ണഞ്ചേരി, സ്കൂൾ ഹെഡ്മിസ്ട്രസ് വി.ഒ. ആനിമ്മ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. വിദ്യാർഥികളുടെ സർഗ്ഗാത്മകമായ ശാസ്ത്ര കണ്ടെത്തലുകൾ നേരിൽ കാണുന്നതിനായി നിരവധി പേരാണ് പ്രദർശന നഗരിയിൽ എത്തുന്നത്

