കൊച്ചി: ജില്ലയിലെ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ തെരുവുനായ്ക്കൾക്കായി പ്രത്യേക ഷെൽട്ടറുകൾ ആരംഭിക്കുമെന്ന് കളക്ടർ അറിയിച്ചു.
കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഷെൽട്ടർ നിർമാണത്തിനായി ബ്രഹ്മപുരത്ത് ഒരേക്കറോളം സ്ഥലം ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഡിസൈൻ ജോലികൾ നിലവിൽ പുരോഗമിക്കുകയാണ്. കൂടാതെ കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജ്, കുസാറ്റ് (CUSAT), കോതമംഗലം, കറുകുറ്റി എന്നിവിടങ്ങളിലും ഷെൽട്ടറുകൾക്കായി സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികൾ നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി.
ഷെൽട്ടറുകളുടെ സുഗമമായ നടത്തിപ്പിനായി പൊതുജനങ്ങളുടെയും എൻ.ജി.ഒകളുടെയും സഹായം തേടണമെന്ന് കളക്ടർ നിർദ്ദേശിച്ചു. തെരുവുനായ ശല്യം നിയന്ത്രിക്കാൻ കൃത്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു. നായ്ക്കളിൽ ചിപ്പുകൾ സ്ഥാപിക്കാനും വാക്സിനേഷൻ നടപടികൾ ഊർജ്ജിതമാക്കാനും യോഗത്തിൽ തീരുമാനമായി.
വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നത് തടയാൻ ലൈസൻസ് നിർബന്ധമാക്കും. കെ-സ്മാർട്ട് (K-Smart) വഴി ലൈസൻസിനായി അപേക്ഷിക്കാവുന്നതാണ്. മൃഗങ്ങളോട് മാനുഷിക പരിഗണന കാണിക്കുമ്പോഴും മനുഷ്യജീവന് തന്നെ മുൻഗണന നൽകണമെന്ന് യോഗത്തിൽ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു. എല്ലാ നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും വന്ധ്യംകരണ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും തെരുവ് നായ്ക്കളുടെ കൂട്ടക്കുത്തിവെയ്പ്പ് നടപടികൾക്കായി തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനാവശ്യമായ എല്ലാ സഹായങ്ങളും ജില്ലാ പഞ്ചായത്ത് വാഗ്ദാനം ചെയ്തിട്ടുണ്ട്.
നിലവിലെ എ.ബി.സി (ABC) സെന്ററുകളുടെ സ്ഥിതി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ടി. ആർ. ഷേർളി വിശദീകരിച്ചു. കാക്കനാട് കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ മൃഗസംരക്ഷണം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

