ഡോ. എം. ലീലാവതിയുടെ ‘ഭാരതാലോകം’ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു

തൃക്കാക്കര: പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം. ലീലാവതി രചിച്ച പുതിയ പുസ്തകമായ ‘ഭാരതാലോകം’ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു. തൃക്കാക്കരയിലുള്ള ലീലാവതി ടീച്ചറുടെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു പുസ്തക പ്രകാശനം.

തൊണ്ണൂറ്റിയെട്ടാം വയസ്സിലും മഹാഭാരതത്തിലെ കഥാപാത്രങ്ങളെയും മുഹൂർത്തങ്ങളെയും ഓർമ്മയിൽ നിന്ന് ചോർന്നുപോകാതെ സ്വന്തം കാഴ്ചപ്പാടിൽ അവതരിപ്പിക്കുക എന്നത് അപൂർവ സിദ്ധിയാണെന്നും ഈ പുസ്തകം പ്രകാശനം ചെയ്യാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കഥാസാഗരമായ മഹാഭാരതത്തെ അടിസ്ഥാനമാക്കി നിരവധി ഗ്രന്ഥങ്ങളുണ്ടായിട്ടുണ്ടെങ്കിലും കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും ഇത്തരത്തിൽ അപഗ്രഥിച്ചുള്ള രചനകൾ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഴ പെയ്യും പോലെ കണ്ണീർ പെയ്യുന്ന ഈ കാലത്ത് തിരക്കുകൾക്കിടയിലും പുസ്തക പ്രകാശനത്തിനായി എത്തിച്ചേർന്നതിൽ മുഖ്യമന്ത്രിയോട് വലിയ നന്ദിയുണ്ടെന്ന് ലീലാവതി ടീച്ചർ പറഞ്ഞു. സ്ത്രീകളും കുട്ടികളും യുദ്ധത്തിന് കാരണക്കാരല്ലെങ്കിലും യുദ്ധത്തിന്റെ ഏറ്റവും വലിയ ദുരന്തം അനുഭവിക്കുന്നത് അവരാണെന്ന വേദവ്യാസന്റെ സങ്കടം ഇന്നും നിലനിൽക്കുന്നുവെന്നും, ആ ആശയത്തെ ചെറിയൊരു രൂപത്തിൽ അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ടീച്ചർ വ്യക്തമാക്കി.

ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ, ഉമ തോമസ് എം.എൽ.എ, കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്‌സൺ ജമാൽ മണക്കാടൻ, സാഹിത്യ നിരൂപകൻ എൻ.ഇ. സുധീർ തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പം ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *