ന്യൂഡൽഹി: കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് ഹൃദ്യമായ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ സജീവമായ പാരമ്പര്യങ്ങളെയും അസാധാരണമായ ആത്മവീര്യത്തെയും ആഘോഷിക്കുന്ന വിശേഷ ദിനമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമൃദ്ധമായ പ്രകൃതിസൗന്ദര്യവും സമ്പന്നമായ സാംസ്കാരിക പൈതൃകവും ഒത്തുചേർന്ന ദൈവത്തിന്റെ സ്വന്തം നാടിന് രാജ്യത്തിന്റെ ചരിത്രത്തിൽ എന്നും സവിശേഷമായ സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത് അവിടുത്തെ ജനങ്ങളാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേരളീയരുടെ അർപ്പണബോധവും പ്രതിബദ്ധതയും കഠിനാധ്വാനവും ഇന്ത്യയുടെ അതിരുകൾക്കപ്പുറത്തും വലിയ തോതിൽ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, സംരംഭകത്വം, ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ മലയാളികൾ കൈവരിച്ച ഉന്നതമായ നേട്ടങ്ങൾ രാജ്യത്തിന് എന്നും അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും വർഷങ്ങളിൽ കേരളത്തിലെ ഓരോ വ്യക്തിക്കും പുതിയ അവസരങ്ങളും കൂടുതൽ ഐശ്വര്യവും സമഗ്രമായ പുരോഗതിയും കൈവരട്ടെയെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തിലൂടെ ആശംസിച്ചു.

