ടി.എം. ജേക്കബ് നിയമസഭാ പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവ്; സ്മാരകത്തിന് 50 ലക്ഷം അനുവദിച്ചെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

കൊച്ചി: കേരള രാഷ്ട്രീയത്തിലും നിയമസഭാ പ്രവർത്തനങ്ങളിലും മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ നേതാവായിരുന്നു ടി.എം. ജേക്കബെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള കോൺഗ്രസ് (ജേക്കബ്) സംഘടിപ്പിച്ച ടി.എം. ജേക്കബിന്റെ 15-ാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച നിയമസഭാ സാമാജികൻ, ഭരണതന്ത്രജ്ഞൻ, രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനമാണ് ടി.എം. ജേക്കബ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. വിഷയങ്ങൾ ആഴത്തിൽ പഠിച്ച് ആധികാരികമായി സഭയിൽ അവതരിപ്പിക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. നിയമസഭാ സാമാജികനെന്ന നിലയിൽ തനിക്ക് അദ്ദേഹം ഗുരുതുല്യനായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 2001-ൽ താൻ ആദ്യമായി എം.എൽ.എ ആയപ്പോൾ ടി.എം. ജേക്കബ് നിയമസഭയിൽ 25 വർഷം തികയ്ക്കുകയായിരുന്നു. നിയമസഭയിൽ ബില്ലുകൾ അവതരിപ്പിക്കുന്നതിലും സബ്മിഷനുകൾ, ശ്രദ്ധക്ഷണിക്കൽ പ്രമേയങ്ങൾ, ധനാഭ്യർഥന ചർച്ചകൾ എന്നിവ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലും അദ്ദേഹത്തിന്റെ ഇടപെടലുകൾ പുതിയ തലമുറയ്ക്ക് വലിയ പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടി.എം. ജേക്കബിന്റെ സ്മാരക നിർമാണത്തിനായി സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ കൂടുതൽ തുക ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേവലം ഒരു പ്രതിമയിൽ ഒതുങ്ങാതെ, അദ്ദേഹത്തിന്റെ സമഗ്ര ജീവിതവും പ്രവർത്തനങ്ങളും വരുംതലമുറയ്ക്ക് പഠിക്കാനാകുന്ന പഠനകേന്ദ്രം ഉൾപ്പെടെയുള്ള സ്മാരകമാണ് ഒരുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എം.എൽ.എ., കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *