ആദിവാസി സമൂഹത്തിന്റെ പങ്കാളിത്തത്തോടെയുള്ള വനസംരക്ഷണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും: മന്ത്രി ഷിബു ബേബി ജോൺ

വളളക്കടവ്: ആദിവാസി സമൂഹത്തിന്റെ പങ്കാളിത്തത്തോടെയുള്ള വനസംരക്ഷണ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും ഇതിൽ ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികൾ (ഇ.ഡി.സി) മികച്ച മാതൃകയാണെന്നും മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. ‘ഊരുണർവ്’ പരിപാടിയുടെ ഭാഗമായി വഞ്ചിവയൽ ഉന്നതി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം. പെരിയാർ ടൈഗർ റിസേർവ് ഈസ്റ്റ് ഡിവിഷനിലെ 14 ഇ.ഡി.സികളിൽ ആദിവാസി സമൂഹത്തിന്റേതായി ഉള്ളത് വഞ്ചിവയലിലാണ്.

98 കുടുംബങ്ങൾ വസിക്കുന്ന ഈ ഊരിൽ വനാശ്രയത്വം കുറച്ചുകൊണ്ടുവരുന്നതിൽ വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. വഞ്ചിവയലിൽ പ്രൊഫഷണൽ സ്റ്റോർ, കമ്മ്യൂണിറ്റി സെന്റർ, അംഗൻവാടി, ഹെൽത്ത് ക്ലിനിക് എന്നിവ സ്ഥാപിക്കുമെന്നും വനയാത്രകളിൽ ആദിവാസി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. സന്ദർശനവേളയിൽ ഊരിൽ നടക്കാൻ പ്രയാസമുള്ളവർക്ക് വീൽചെയറുകളും മന്ത്രി വിതരണം ചെയ്തു.

1998-ൽ ആരംഭിച്ച വഞ്ചിവയൽ ട്രൈബൽ കോളനി ഇ.ഡി.സിയുടെ നേതൃത്വത്തിൽ ജൈവരീതിയിൽ ഉൽപ്പാദിപ്പിക്കുന്ന ‘വടക്കൻ മുണ്ട’ ഇനം കുരുമുളകും കാപ്പിയും ഓർഗാനിക് സർട്ടിഫിക്കേഷനോടെ കഴിഞ്ഞ 20 വർഷമായി ജർമ്മനിയിലേക്ക് കയറ്റി അയക്കുന്നുണ്ട്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കമ്പോളവിലയേക്കാൾ ഉയർന്ന തുക ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുന്നു. സാമ്പത്തിക ഭദ്രത കൈവരിച്ചതോടെ വിദ്യാഭ്യാസ മേഖലയിലും വലിയ മുന്നേറ്റമുണ്ടാക്കാൻ ഈ ഊരിന് സാധിച്ചു. നിലവിൽ ഇവിടെനിന്നുള്ള നാൽപ്പതോളം പേർ വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നുണ്ട്.

ചടങ്ങിൽ അഡ്വ. സിറിയക് തോമസ് എം.എൽ.എ, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ്, അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പ്രമോദ് ജി. കൃഷ്ണൻ, പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ പി.പി. പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *