സ്വാതന്ത്ര്യദിനാഘോഷം; പത്തനംതിട്ടയിൽ ഡ്രസ് റിഹേഴ്‌സൽ പൂർത്തിയായി

പത്തനംതിട്ട: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മൈതാനത്ത് വിപുലമായ ഡ്രസ് റിഹേഴ്‌സൽ അരങ്ങേറി. പത്തനംതിട്ട ഡി.എച്ച്.ക്യു ക്യാമ്പ് അസിസ്റ്റന്റ് കമാൻഡന്റ് പി.പി. സന്തോഷ് കുമാർ റിഹേഴ്‌സലിന് നേതൃത്വം നൽകി.

പോലീസ്, എക്‌സൈസ്, ഫയർ ഫോഴ്‌സ്, ഫോറസ്റ്റ് എന്നീ വകുപ്പുകളും എസ്.പി.സി, എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ജെ.ആർ.സി, ബാൻഡ് സംഘം ഉൾപ്പെടെ 21 പ്ലറ്റൂണുകളാണ് അണിനിരന്നത്. ഡി.എച്ച്.ക്യു ക്യാമ്പിലെ കെ.എൻ. ബിജുലാൽ പരേഡ് കമാൻഡറായും എസ്. സന്തോഷ് സെക്കൻഡ് കമാൻഡറായും പരേഡ് നയിച്ചു.

പരേഡിനു പുറമെ അടൂർ ഹോളി ഏഞ്ചൽസ് ഇ.എം സ്കൂൾ, കിടങ്ങന്നൂർ എസ്.വി.ജി.വി എച്ച്.എസ്.എസ്, പത്തനംതിട്ട ജവഹർ നവോദയ വിദ്യാലയം എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ വൈവിധ്യമാർന്ന സാംസ്‌കാരിക പ്രകടനങ്ങളുടെ റിഹേഴ്‌സലും പൂർത്തിയാക്കി. ചടങ്ങിൽ പങ്കെടുത്തവർക്കായി പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തിൽ ലഘുഭക്ഷണവും ക്രമീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *