മെനിഞ്ചോകോക്കൽ ബാധിച്ച് അഡ്‌ലെയ്ഡിൽ യുവാവ് മരിച്ചു; ജാഗ്രതാനിർദേശവുമായി സൗത്ത് ഓസ്‌ട്രേലിയൻ ആരോഗ്യവകുപ്പ്

അഡ്‌ലെയ്ഡ്: മസ്തിഷ്കജ്വരത്തിന് കാരണമാകുന്ന ഗുരുതരമായ മെനിഞ്ചോകോക്കൽ രോഗബാധയെത്തുടർന്ന് മെട്രോപൊളിറ്റൻ അഡ്‌ലെയ്ഡ് സ്വദേശിയായ യുവാവ് മരിച്ചു.സെറോഗ്രൂപ്പ് ബി ഇനത്തിൽപ്പെട്ട അണുബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഒരാഴ്ചയിലധികമായി വെന്റിലേറ്റർ സഹായത്തോടെ ജീവൻരക്ഷാ ഉപകരണങ്ങളിൽ കഴിഞ്ഞിരുന്ന രോഗിയാണ് മരണത്തിന് കീഴടങ്ങിയതെന്ന് എസ്.എ ഹെൽത്ത് അറിയിച്ചു.

യുവാവുമായി അടുത്ത സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിൽ ഏഴ് പേർക്ക് പ്രതിരോധ നടപടിയുടെ ഭാഗമായി ആൻറിബയോട്ടിക്കുകൾ നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. സൗത്ത് ഓസ്‌ട്രേലിയയിൽ ഈ വർഷം ഇതുവരെ 22 മെനിഞ്ചോകോക്കൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 15 ആയിരുന്നു. 2023 ജൂലൈക്ക് ശേഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ മെനിഞ്ചോകോക്കൽ മരണമാണിത്.

ശരീരത്തിൽ വളരെ വേഗത്തിൽ വ്യാപിക്കുകയും കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കുകയും ചെയ്യുന്ന അണുബാധയാണിത്. തലവേദന, പനി, ഛർദ്ദി, കഴുത്തിന് കാഠിന്യം (കഴുത്ത് അനക്കാൻ പ്രയാസം), വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങളെക്കുറിച്ച് അതീവ ജാഗ്രത പാലിക്കാൻ പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. രോഗം മൂർച്ഛിക്കുന്നതോടെ രോഗിക്ക് അബോധാവസ്ഥയോ മാനസിക വിഭ്രാന്തിയോ അനുഭവപ്പെടാം. ചർമ്മത്തിൽ ചുവപ്പോ പർപ്പിൾ നിറത്തിലോ ഉള്ള പാടുകൾ പ്രത്യക്ഷപ്പെടുകയും അവ പെട്ടെന്ന് ശരീരം മുഴുവൻ പടർന്ന് ചതവുകൾ പോലെ കാണപ്പെടുകയും ചെയ്യുന്നത് ഇതിന്റെ പ്രധാന ലക്ഷണമാണ്.

ചെറിയ കുട്ടികളിൽ അസ്വസ്ഥത, ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കാനുള്ള ബുദ്ധിമുട്ട്, ഭക്ഷണം കഴിക്കാതിരിക്കൽ, കാലുകളിൽ കഠിനമായ വേദന, കൈകാലുകൾ തണുത്തിരിക്കുക, ഉച്ചത്തിലുള്ള നിർത്താതെയുള്ള കരച്ചിൽ, തൊലിപ്പുറത്തെ വിളർച്ചയോ നിറവ്യത്യാസമോ എന്നിവയും രോഗലക്ഷണങ്ങളാകാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ അടിയന്തര വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *