വിക്ടോറിയൻ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 28-ന്; 128 സീറ്റുകളിലേക്ക് മത്സരരംഗത്ത് 1,037 സ്ഥാനാർത്ഥികൾ

മെൽബൺ: വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക അന്തിമമായി. നവംബർ 28 ശനിയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ ആകെ 128 സീറ്റുകളിലേക്ക് 1,037 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. വിക്ടോറിയൻ ഇലക്ടറൽ കമ്മീഷൻ (VEC) നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയാക്കി അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു.

ലെജിസ്ലേറ്റീവ് അസംബ്ലിയിലെ (ലോവർ ഹൗസ്) 88 സീറ്റുകളിലേക്ക് 734 പേരും, ലെജിസ്ലേറ്റീവ് കൗൺസിലിലെ (അപ്പർ ഹൗസ്) 40 സീറ്റുകളിലേക്ക് 303 പേരുമാണ് മത്സരരംഗത്തുള്ളത്. 2022-ലെ തിരഞ്ഞെടുപ്പിൽ 1,194 സ്ഥാനാർത്ഥികൾ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇത്തവണ എണ്ണത്തിൽ കുറവ് വന്നിരിക്കുന്നത്.

മെൽബണിലെ വിവിധ മണ്ഡലങ്ങളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. ഫൂട്ട്‌സ്‌ക്രേ (Footscray) മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളത്—15 പേർ. തൊട്ടുപിന്നാലെ പ്രഹ്‌റാനിൽ (Prahran) 13 സ്ഥാനാർത്ഥികളും, ടാർനീറ്റ് (Tarneit), സിഡൻഹാം (Sydenham), റിപ്പൺ (Ripon) എന്നിവിടങ്ങളിൽ 12 വീതം സ്ഥാനാർത്ഥികളും ജനവിധി തേടുന്നു. അതേസമയം സാൻഡ്രിങ്ഹാമിൽ അഞ്ച് പേർ മാത്രമാണ് മത്സരരംഗത്തുള്ളത്. ടാർനീറ്റിൽ ലേബർ പാർട്ടിയുടെ നിലവിലെ എംപി ഡിലൻ വൈറ്റ്, ലിബറൽ സ്ഥാനാർത്ഥി വെങ്കട്ട് റാം ഉപ്പർലപല്ലെ, ഗ്രീൻസ് സ്ഥാനാർത്ഥി എ. റഹീം റിഫായി എന്നിവരടക്കം 12 പേർ മാറ്റുരയ്ക്കുന്നു. പോയിന്റ് കുക്കിൽ ലേബർ പാർട്ടിയുടെ മാത്യു ഹിലകാരിയും ലിബറൽ സ്ഥാനാർത്ഥി രാജ റെഡ്ഡിയും തമ്മിലാണ് പ്രധാന മത്സരം.

ലെജിസ്ലേറ്റീവ് കൗൺസിൽ വോട്ടിങ് രീതിയിൽ വരുത്തിയ സുപ്രധാന പരിഷ്കാരമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത. ഗ്രൂപ്പ് വോട്ടിങ് ടിക്കറ്റ് സമ്പ്രദായം നിർത്തലാക്കി. പുതിയ നിയമപ്രകാരം ‘എബൗ ദ ലൈൻ’ വോട്ട് ചെയ്യുന്നവർ മുൻഗണനാക്രമത്തിൽ കുറഞ്ഞത് 5 ഗ്രൂപ്പുകൾക്കെങ്കിലും വോട്ട് രേഖപ്പെടുത്തണം. ‘ബിലോ ദ ലൈൻ’ വോട്ട് ചെയ്യുന്നവരും കുറഞ്ഞത് 5 വ്യക്തിഗത സ്ഥാനാർത്ഥികൾക്ക് മുൻഗണന നൽകണം.

നവംബർ 18 ബുധനാഴ്ച മുതൽ മുൻകൂർ വോട്ടിങ് ആരംഭിക്കും; നവംബർ 27 വരെ വോട്ട് രേഖപ്പെടുത്താം. പ്രധാന തിരഞ്ഞെടുപ്പ് ദിനമായ നവംബർ 28 ശനിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *