കൊച്ചി: സ്വർണത്തിന്റെയും മറ്റ് വിലപിടിപ്പുള്ള ലോഹങ്ങളുടെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുത്തനെ വർദ്ധിപ്പിച്ചു. ഇതേത്തുടർന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന വർദ്ധനവ് രേഖപ്പെടുത്തി. പവന് 10,200 രൂപ വർധിച്ച് 1,23,120 രൂപയായാണ് വില ഉയർന്നത്. ഗ്രാമിന് 1,275 രൂപ വർധിച്ച് 15,390 രൂപയിലെത്തി.
സ്വർണത്തിനും വെള്ളിക്കുമുള്ള ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് ഉയർത്തിയത്. പ്ലാറ്റിനത്തിന്റെ തീരുവ 15.4 ശതമാനമായും വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് (മെയ് 13) മുതൽ പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിദേശ നാണ്യ വിനിമയത്തിലുണ്ടായ കുറവ് പരിഹരിക്കുന്നതിനും രൂപയുടെ മൂല്യം പിടിച്ചുനിർത്തുന്നതിനുമാണ് ഈ നടപടി.
വിദേശ നാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി സ്വർണം വാങ്ങുന്നത് ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത ഇറക്കുമതികൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ ഈ പുതിയ തീരുമാനം. തീരുവ വർദ്ധനവ് പ്രാബല്യത്തിൽ വന്നതോടെ വരും ദിവസങ്ങളിലും സ്വർണ വിപണിയിൽ വലിയ ചാഞ്ചാട്ടങ്ങൾ ഉണ്ടാകാനാണ് സാധ്യത.

