ഭർത്താവിനെ കൊലപ്പെടുത്തിയ അമേരിക്കൻ എഴുത്തുകാരിക്കു ജീവപര്യന്തം; പുറത്തിറങ്ങിയാൽ തങ്ങളെ വധിക്കുമെന്ന് മക്കൾ

സാൾട്ട് ലേക്ക് സിറ്റി: സ്വന്തം ഭർത്താവിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പ്രശസ്ത അമേരിക്കൻ എഴുത്തുകാരിയും റിയൽ എസ്റ്റേറ്റ് വ്യാപാരിയുമായ കൗരി റിച്ചൻസിന് (35) കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ശിക്ഷാവിധിക്ക് മുന്നോടിയായി കൗരിയുടെ മൂന്ന് ആൺമക്കളും കോടതിയിൽ നൽകിയ മൊഴികൾ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. അമ്മ ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ തങ്ങളെയും കുടുംബത്തെയും വധിക്കുമെന്ന് ഭയപ്പെടുന്നതായി കുട്ടികൾ കോടതിയെ അറിയിച്ചു.

2022-ൽ പാർക്ക് സിറ്റിയിലെ വസതിയിൽ വെച്ച് ഭർത്താവ് എറിക് റിച്ചൻസിന് നൽകിയ കോക്ടെയിലിൽ മാരകമായ അളവിൽ ഫെന്റാനിൽ (Fentanyl) കലർത്തിയാണ് കൗരി കൊലപാതകം നടത്തിയത്. എറിക്കിന്റെ മരണശേഷം, പിതാവിനെ നഷ്ടപ്പെട്ട കുട്ടികൾ ആ ദുഃഖത്തെ എങ്ങനെ മറികടക്കണം എന്നതിനെക്കുറിച്ച് കൗരി ഒരു കുട്ടിക്കഥാ പുസ്തകം എഴുതി പ്രസിദ്ധീകരിക്കുകയും അത് പ്രമോട്ട് ചെയ്യുകയും ചെയ്തിരുന്നു. ഈ നാടകീയ നീക്കങ്ങൾക്കിടയിലാണ് 2023-ൽ ഇവർ അറസ്റ്റിലാകുന്നത്.

നിലവിൽ 13, 11, 5 വയസ്സുള്ള കുട്ടികളാണ് അമ്മയ്‌ക്കെതിരെ മൊഴി നൽകിയത്. “എനിക്ക് അമ്മയെ മിസ്സ് ചെയ്യുന്നില്ല. അവർ പുറത്തിറങ്ങിയാൽ എന്നെയും അനിയന്മാരെയും ഉപദ്രവിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു,” എന്ന് മൂത്ത മകൻ പറഞ്ഞു. പിതാവിന്റെ മരണശേഷം കൗരി മക്കളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

കൊലപാതകം നടന്ന ദിവസം തങ്ങളെ നിർബന്ധിച്ച് നേരത്തെ ഉറക്കാൻ വിട്ടുവെന്നും, പിതാവിന്റെ മുറി അകത്തുനിന്ന് പൂട്ടി ടെലിവിഷൻ വലിയ ശബ്ദത്തിൽ പ്രവർത്തിപ്പിച്ചിരുന്നുവെന്നും രണ്ടാമത്തെ മകൻ വെളിപ്പെടുത്തി. തന്റെ പിതാവിനെ കൊന്ന അമ്മയെക്കുറിച്ച് ആരെങ്കിലും സംസാരിക്കുമ്പോൾ തനിക്ക് വെറുപ്പും നാണക്കേടുമാണ് തോന്നുന്നതെന്നായിരുന്നു ഇളയ മകന്റെ പ്രതികരണം.

കടബാധ്യതകളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന കൗരി, ഭർത്താവിന്റെ പേരിൽ രഹസ്യമായി എടുത്ത ഇൻഷുറൻസ് തുകയായ 40 ലക്ഷം ഡോളർ തട്ടിയെടുക്കാനാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മറ്റൊരു വ്യക്തിയുമായി പുതിയ ജീവിതം തുടങ്ങാനും ഇവർ പദ്ധതിയിട്ടിരുന്നു. ഇതിനു മുൻപ് വാലന്റൈൻസ് ദിനത്തിൽ സാൻഡ്‌വിച്ചിൽ വിഷം കലർത്തി എറിക്കിനെ കൊലപ്പെടുത്താൻ കൗരി ശ്രമിച്ചിരുന്നതായും കോടതി കണ്ടെത്തി.

ജീവപര്യന്തം ശിക്ഷയ്ക്ക് പുറമെ ഇൻഷുറൻസ് തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളും ഇവർക്കെതിരെ തെളിയിക്കപ്പെട്ടു. പരോൾ ഇല്ലാതെ ശിക്ഷ അനുഭവിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *