ലണ്ടൻ/വാഷിംഗ്ടൺ: നിർമിത ബുദ്ധി (AI), ഇന്റർനെറ്റ് എന്നിവയുടെ വളർച്ചയെത്തുടർന്ന് ലോകമെമ്പാടുമുള്ള ഊർജ്ജ വിതരണത്തിൽ ഡാറ്റാ സെന്ററുകൾ വലിയ സമ്മർദ്ദം ചെലുത്തുന്നതായി പുതിയ പഠന റിപ്പോർട്ട്. യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങളിലെ ആകെ വൈദ്യുതി വിതരണത്തിന്റെ 6 ശതമാനവും ഉപയോഗിക്കുന്നത് ഇത്തരം ഭീമൻ ഡാറ്റാ സെന്ററുകളാണെന്ന് ഇന്റർനാഷണൽ ഡാറ്റാ സെന്റർ അസോസിയേഷൻ (IDCA) വെളിപ്പെടുത്തി.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആഗോളതലത്തിൽ ഡാറ്റാ സെന്ററുകളുടെ വൈദ്യുതി ഉപയോഗം 15 ശതമാനമാണ് വർദ്ധിച്ചത്. ഡാറ്റാ സെന്ററുകളിലെ വാർഷിക നിക്ഷേപം ഏകദേശം ഒരു ലക്ഷം കോടി ഡോളറിലേക്ക് (ഏകദേശം 740 ബില്യൺ പൗണ്ട്) എത്തിനിൽക്കുകയാണ്. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം ഒരു ശതമാനത്തോളം വരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
യുണൈറ്റഡ് കിംഗ്ഡത്തിൽ 5.9 ശതമാനവും യു.എസിൽ 6 ശതമാനവുമാണ് ഡാറ്റാ സെന്ററുകളുടെ വൈദ്യുതി വിഹിതം. ഇത് ആഗോള ശരാശരിയായ 2 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്. സിംഗപ്പൂരിൽ ഇത് 19 ശതമാനവും ലിത്വാനിയയിൽ 11 ശതമാനവുമാണ്.ഒരു രാജ്യത്തിന്റെ വൈദ്യുതി വിഹിതത്തിന്റെ 5 ശതമാനത്തിലധികം ഡാറ്റാ സെന്ററുകൾ ഉപയോഗിച്ചു തുടങ്ങുമ്പോൾ അവിടുത്തെ സമൂഹത്തിൽ നിന്നും രാഷ്ട്രീയ മേഖലകളിൽ നിന്നും വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ഐ.ഡി.സി.എ നിരീക്ഷിക്കുന്നു. യു.കെയിൽ പല ഡാറ്റാ സെന്റർ ഡെവലപ്പർമാരും ഗ്രിഡ് കണക്ഷനായി വർഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ്.
ഗൂഗിൾ നിർമ്മിക്കാനുദ്ദേശിക്കുന്ന രണ്ട് എഐ ഡാറ്റാ സെന്ററുകളുടെ കാർബൺ ബഹിർഗമന തോത് കമ്പനി തെറ്റായി രേഖപ്പെടുത്തിയതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. എഐ കുതിച്ചുചാട്ടം വൈദ്യുതി ബില്ലുകൾ വർദ്ധിപ്പിക്കുന്നതിനും ജലക്ഷാമത്തിനും കാരണമാകുമെന്ന് ഗ്രീൻപീസ് മുന്നറിയിപ്പ് നൽകി.അമേരിക്കയിലെ ഡാറ്റാ സെന്ററുകൾ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 13 ശതമാനവും (ഏകദേശം 3GW ലധികം) ‘സോംബി’ (Zombie) സേവനങ്ങൾ വഴിയാണ് പാഴാകുന്നത്. അതായത്, സ്വിച്ച് ഓഫ് ചെയ്യാത്തതും എന്നാൽ ആരും ഉപയോഗിക്കാത്തതുമായ ആപ്പുകൾ പ്രവർത്തിപ്പിക്കുന്നതിലൂടെ വലിയൊരു അളവ് വൈദ്യുതി നഷ്ടപ്പെടുന്നു.
ഡാറ്റാ സെന്ററുകൾ ഇപ്പോൾ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങളായാണ് കണക്കാക്കപ്പെടുന്നത്. പശ്ചിമേഷ്യയിൽ ഇത്തരം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ശാരീരികമായ ആക്രമണങ്ങൾ വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. സൈബർ സുരക്ഷയ്‌ക്കൊപ്പം തന്നെ ഭൗതികമായ സുരക്ഷ ഉറപ്പാക്കുന്നതും ഇപ്പോൾ കമ്പനികളുടെ പ്രധാന അജണ്ടയായി മാറിയിട്ടുണ്ട്. നിലവിൽ ലോകമെമ്പാടുമായി ഏകദേശം 10,000 ഡാറ്റാ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്

