ക്യൂൻബിയൻ: ഓസ്ട്രേലിയയിൽ ഡിമൻഷ്യ (മറവിരോഗം) ബാധിച്ച 95-കാരി ക്ലെയർ നൗലൻഡിന് നേരെ പോലീസ് ടേസർ (Taser) പ്രയോഗിച്ച സംഭവത്തിൽ, സാക്ഷിയായ പാരാമെഡിക് കോടതിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി. 2023 മേയ് 17-ന് സതേൺ ന്യൂ സൗത്ത് വെയ്ൽസിലെ കൂമയിലുള്ള യല്ലമ്പി ലോഡ്ജ് നഴ്സിംഗ് ഹോമിലായിരുന്നു സംഭവം. ക്ലെയറിന് നേരെ പോലീസ് തോക്ക് പ്രയോഗിക്കുന്നത് കണ്ട് താൻ സ്തംഭിച്ചുപോയെന്നും അത് അങ്ങേയറ്റം അനാവശ്യമായിരുന്നുവെന്നും ഇന്റൻസീവ് കെയർ പാരാമെഡിക് അന്ന ഹോഫ്നർ മൊഴി നൽകി.
നഴ്സിംഗ് ഹോമിലെ അടുക്കളയിൽ നിന്ന് രണ്ട് സ്റ്റീക്ക് കത്തികൾ കൈക്കലാക്കിയ ക്ലെയർ നൗലൻഡ് അവ തിരികെ നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് പോലീസിനെ വിളിച്ചത്. വെറും 48 കിലോ മാത്രം ഭാരമുള്ള, നടക്കാൻ ബുദ്ധിമുട്ടുന്ന വയോധികയ്ക്ക് നേരെ സീനിയർ കോൺസ്റ്റബിൾ ക്രിസ്റ്റ്യൻ വൈറ്റ് ടേസർ പ്രയോഗിക്കുകയായിരുന്നു. ടേസറിലെ സൂചികൾ നെഞ്ചിൽ തറച്ചതോടെ ക്ലെയർ പിന്നിലേക്ക് മറിഞ്ഞുവീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഒരാഴ്ചയ്ക്ക് ശേഷം തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് അവർ മരണമടഞ്ഞു.
ക്ലെയറിനെ കീഴ്പ്പെടുത്താൻ മറ്റ് മാർഗ്ഗങ്ങൾ ഉണ്ടായിരുന്നിട്ടും പോലീസ് ബലപ്രയോഗം നടത്തിയെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അവർ ഇരുന്ന മുറിയുടെ വാതിൽ അടച്ച് പുറത്തുനിന്ന് നിരീക്ഷിക്കാമാ യിരുന്നുവെന്നും അതിനുപകരം ടേസർ പ്രയോഗിച്ചത് ക്രൂരതയാണെന്നും കോടതി നിരീക്ഷിച്ചു.തോക്ക് ചൂണ്ടി നിൽക്കവേ “നാ, ബഗർ ഇറ്റ്” (Nah, bugger it) എന്ന് ആക്രോശിച്ചുകൊണ്ടാണ് വൈറ്റ് നിറയൊഴിച്ചതെന്ന് കോടതി കണ്ടെത്തി.
ഡിമൻഷ്യ ബാധിച്ച രോഗികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് അന്ന് പോലീസിനോ ആംബുലൻസ് ഉദ്യോഗസ്ഥർക്കോ പ്രത്യേക പരിശീലനം ലഭിച്ചിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ കേസിൽ ക്രിസ്റ്റ്യൻ വൈറ്റ് കുറ്റക്കാരനാണെന്ന് 2024 നവംബറിൽ കോടതി കണ്ടെത്തിയിരുന്നു. മനഃപൂർവ്വ മല്ലാത്ത നരഹത്യയ്ക്ക് (Manslaughter) ഇയാൾക്ക് രണ്ട് വർഷത്തെ ‘ഗുഡ് ബിഹേവിയർ ബോണ്ട്’ ശിക്ഷ വിധിച്ചു. 2024 ഡിസംബറിൽ ഇയാളെ പോലീസ് സേനയിൽ നിന്ന് പുറത്താക്കി. ജോലിയിൽ തിരിച്ചുകയറാൻ ഇയാൾ ശ്രമം നടത്തിയെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു.
ഓസ്ട്രേലിയയിൽ വർദ്ധിച്ചുവരുന്ന വയോജനങ്ങളുടെയും ഡിമൻഷ്യ രോഗികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ നിയമങ്ങളും പരിശീലന പരിപാടികളും കൊണ്ടുവരണമെന്ന് മരണാനന്തര അന്വേഷണം നടത്തുന്ന കൊറോണർ തെരേസ ഒസുലിവൻ നിർദ്ദേശിച്ചു. ഒരു ജീവകാരുണ്യ പ്രവർത്തകയായും യാത്രകളെ സ്നേഹിക്കുന്ന വ്യക്തിയായും അറിയപ്പെട്ടിരുന്ന ക്ലെയർ നൗലൻഡിന്റെ മരണം ഓസ്ട്രേലിയൻ സമൂഹത്തെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു.

