ശ്രീകണ്ഠപുരം: കണ്ണൂർ ശ്രീകണ്ഠപുരത്തിനടുത്ത് വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് വളക്കൈ പാലത്തിന് സമീപമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കൃത്യമായ സമയത്ത് യാത്രക്കാരെ പുറത്തിറക്കാൻ സാധിച്ചതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. പാലത്തിന് സമീപമെത്തിയപ്പോൾ ബസിന്റെ മുൻഭാഗത്തുനിന്നും പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ഡ്രൈവർ ബസ് റോഡരികിലേക്ക് ഒതുക്കി നിർത്തുകയും ജീവനക്കാർ ചേർന്ന് യാത്രക്കാരെ വേഗത്തിൽ പുറത്തിറക്കുകയും ചെയ്തു. യാത്രക്കാർ പൂർണ്ണമായും ഇറങ്ങിയതിന് തൊട്ടുപിന്നാലെ ബസിലേക്ക് തീ പടരുകയായിരുന്നു.
സംഭവമറിഞ്ഞ് തളിപ്പറമ്പിൽ നിന്നും ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് സംഘം ഉടനടി സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. നാട്ടുകാരും പോലീസും ഫയർഫോഴ്സിനൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ബസിന്റെ മുൻഭാഗം തീപിടുത്തത്തിൽ ഭാഗികമായി കരിഞ്ഞു നശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ കുറച്ചുസമയത്തേക്ക് ഗതാഗതം തടസ്സപ്പെട്ടു. തീ പൂർണ്ണമായും അണച്ച ശേഷം വാഹനം റോഡിൽ നിന്നും മാറ്റി പോലീസ് ഗതാഗതം പുനഃസ്ഥാപിച്ചു.


