തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ ലീഗിന്റെ മന്ത്രിസ്ഥാനങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾക്ക് വിരാമമാകുന്നു. അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലീഗിന് നൽകാൻ മുന്നണിയിൽ അന്തിമ ധാരണയായി. പാർട്ടിക്ക് ലഭിക്കുന്ന മന്ത്രിമാരുടെ കാര്യത്തിൽ ലീഗ് നേതൃത്വത്തിൽ നിർണായക ചർച്ചകൾ പൂർത്തിയായതായും ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കുമെന്നുമാണ് യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്നുള്ള സൂചനകൾ.
അതേസമയം, മന്ത്രിമാരുടെ ആദ്യഘട്ട പട്ടികയിൽ നിന്നും ഏറനാട് എംഎൽഎ പി കെ ബഷീറിനെ ഒഴിവാക്കിയതായാണ് ലീഗ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. സീനിയോറിറ്റിയും പ്രാദേശിക സമവാക്യങ്ങളും പരിഗണിച്ചുള്ള കടുത്ത മത്സരത്തിനൊടുവിലാണ് ചില മുതിർന്ന നേതാക്കളെ ഒഴിവാക്കി അന്തിമ പട്ടികയ്ക്ക് രൂപം നൽകിയിരിക്കുന്നത്. പികെ ബഷീറിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ഉള്ളിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
മന്ത്രിമാരാകുന്നവരുടെ കാര്യത്തിൽ ലീഗ് സംസ്ഥാന നേതൃത്വം വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. പുതുമുഖങ്ങൾക്കും പരിചയസമ്പന്നർക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന രീതിയിലാണ് പുതിയ മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ഔദ്യോഗികമായി മന്ത്രിമാരുടെ പേരുകൾ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുന്നണിയിലെ എല്ലാ കക്ഷികളും തങ്ങളുടെ മന്ത്രിമാരുടെ പട്ടിക ഇന്ന് തന്നെ പൂർത്തിയാക്കാനുള്ള തിരക്കിലാണ്

