പിണറായി വിജയനെതിരെയും എം വി ഗോവിന്ദനെതിരെയും പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം; പ്രതിപക്ഷ നേതാവാക്കിയ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യം

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ കടുത്ത വിമർശനം. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്നും, മറിച്ച് പിണറായി വിജയന്റെയും എം വി ഗോവിന്ദന്റെയും പ്രവർത്തന ശൈലിയാണെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി.

തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേരിട്ട കനത്ത പരാജയത്തിന് ശേഷവും പിണറായി വിജയനെ നിയമസഭാ പ്രതിപക്ഷ നേതാവാക്കാൻ എടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. തോറ്റതിന് ശേഷം വീണ്ടും പ്രതിപക്ഷ നേതാവാക്കാനല്ല മുൻകൈ എടുക്കേണ്ടിയിരുന്നതെന്നും, പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം അടിയന്തരമായി റദ്ദാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പാർട്ടിയെയല്ല, മറിച്ച് തന്റെ ഭാര്യയെ (പി കെ ശ്യാമള) സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന ഗുരുതരമായ ആക്ഷേപവും പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്നു വന്നു.

അമിത ആത്മവിശ്വാസം കാരണമാണ് പല മണ്ഡലങ്ങളിലും പാർട്ടിക്ക് അടിയൊഴുക്കുകൾ മനസ്സിലാക്കാൻ കഴിയാതെ പോയത്. തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി നടത്തിയ ‘വീട്ടിൽ പോയി ചോദിക്ക്’ എന്നതുൾപ്പെടെയുള്ള പ്രയോഗങ്ങളും ശൈലിയും ജനങ്ങൾക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയതായും വിമർശനമുണ്ട്. സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്ക്, സി എസ് സുജാത എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്തനംതിട്ടയിൽ നിർണായകമായ നേതൃയോഗം നടന്നത്. ആറന്മുള മണ്ഡലത്തിൽ മന്ത്രി വീണാ ജോർജിന്റെ പരാജയത്തിന് കാരണം അവരുടെ പെരുമാറ്റദൂഷ്യമാണെന്ന വിമർശനവും തൊട്ടുപിന്നാലെ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലും ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *