തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുൻപ് കെഎസ്ആർടിസി ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്ര ആവശ്യപ്പെട്ട് ബിജെപി മഹിളാ മോർച്ച നടത്തിയ സമരം മണ്ടത്തരമായിപ്പോയെന്ന് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് മുൻപ് തന്നെ ഇത്തരമൊരു സമരം സംഘടിപ്പിച്ചത് പാർട്ടിയെ പൊതുസമൂഹത്തിന് മുന്നിൽ പരിഹാസ്യമാക്കിയെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന ആക്ഷേപം.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനപ്രകാരം മേയ് 15 മുതൽ വനിതകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംസ്ഥാനവ്യാപകമായി മഹിളാ മോർച്ച പ്രവർത്തകർ ബസുകളിൽ ടിക്കറ്റെടുക്കാതെ കയറി പ്രതിഷേധിച്ചത്. എന്നാൽ പുതിയ മന്ത്രിസഭ പോലുമില്ലാത്ത സാഹചര്യത്തിൽ, ഉദ്യോഗസ്ഥർക്ക് മാത്രമായി ഇത്തരമൊരു നയപരമായ തീരുമാനം എടുക്കാൻ കഴിയില്ലെന്ന പ്രാഥമിക വസ്തുത പോലും മനസ്സിലാക്കാതെയാണ് സമരം ആസൂത്രണം ചെയ്തതെന്ന് കോർ കമ്മിറ്റിയിൽ മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടി.
ഭരണനിർവ്വഹണത്തിന്റെ അടിസ്ഥാന കാര്യങ്ങൾ പോലും തിരിച്ചറിയാതെയുള്ള മഹിളാ മോർച്ചയുടെ ഈ അപക്വമായ സമരരീതി പാർട്ടിയുടെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായാണ് വിലയിരുത്തൽ. വരുംദിവസങ്ങളിൽ സമരങ്ങൾ പ്രഖ്യാപിക്കുമ്പോൾ കൃത്യമായ രാഷ്ട്രീയ സാഹചര്യങ്ങളും ഭരണഘടനാപരമായ വശങ്ങളും പരിശോധിക്കണമെന്നും നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.

