ബ്രിസ്ബേൻ: ക്വീൻസ്ലാൻഡിലെ സിനിക് റിമ്മിൽ ഒരു സംഘത്തോടൊപ്പം റോക്ക് ക്ലൈംബിംഗ് (മലകയറ്റം) നടത്തുന്നതിനിടെ മലമുകളിൽ നിന്ന് 20 മീറ്റർ താഴ്ചയിലേക്ക് വീണ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11 മണിയോടെ ബ്രിസ്ബേനിൽ നിന്ന് 100 കിലോമീറ്റർ പടിഞ്ഞാറുള്ള മൗണ്ട് ഫ്രഞ്ചിലാണ് അപകടമുണ്ടായത്.
വിവരമറിഞ്ഞ് അടിയന്തര രക്ഷാസേന സംഭവസ്ഥലത്ത് എത്തിയപ്പോൾ മൗണ്ട് ഫ്രഞ്ച് റോഡിന് സമീപം പരിക്കേറ്റ നിലയിലാണ് ഇരുപതുകളിലുള്ള യുവതിയെ കണ്ടെത്തിയത്. വീഴ്ചയുടെ ആഘാതത്തിൽ യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ക്വീൻസ്ലാൻഡ് ആംബുലൻസ് സർവീസ് വക്താവ് അറിയിച്ചു.
അപകടസ്ഥലത്തുനിന്ന് യുവതിയെ എയർലിഫ്റ്റ് ചെയ്യാൻ രക്ഷാപ്രവർത്തന ഹെലികോപ്റ്റർ ശ്രമിച്ചെങ്കിലും, പ്രദേശം കടുപ്പമേറിയ കാടുകളാൽ നിറഞ്ഞതായതിനാൽ രക്ഷാസേനയ്ക്ക് ആദ്യഘട്ടത്തിൽ അടുത്തേക്ക് എത്താൻ ബുദ്ധിമുട്ട് നേരിട്ടു. തുടർന്ന്, ഹെലികോപ്റ്ററിലേക്ക് മാറ്റാൻ സാധിക്കുന്ന സുരക്ഷിതമായ മറ്റൊരു സ്ഥാനത്തേക്ക് യുവതിയെ മാറ്റേണ്ടി വന്നു. ഒടുവിൽ ഉച്ചയ്ക്ക് ഒരു മണിയോടെ യുവതിയെ ഹെലികോപ്റ്റർ മാർഗ്ഗം പ്രിൻസസ് അലക്സാണ്ട്ര ഹോസ്പിറ്റലിലേക്ക് മാറ്റി. പർവതത്തിന്റെ താഴവാരത്തിൽ രക്ഷാപ്രവർത്തകർ ഒത്തുകൂടുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

