അമേരിക്കൻ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 13 പേരെ തിരിച്ചറിഞ്ഞു; ഇരകൾ ലഹരി മാഫിയയല്ല, അതിദരിദ്രരെന്ന് റിപ്പോർട്ട്

കാൻബെറ/കാരക്കാസ്: കരീബിയൻ കടലിലും പസഫിക് സമുദ്രത്തിലും ലഹരിക്കടത്ത് തടയാനെന്ന പേരിൽ അമേരിക്കൻ സൈന്യം നടത്തിയ ബോംബാക്രമണങ്ങളിൽ കൊല്ലപ്പെട്ട 13 പേരുടെ വിവരങ്ങൾ പുറത്ത്. ലാറ്റിൻ അമേരിക്കൻ സെന്റർ ഫോർ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ (CLIP) നേതൃത്വത്തിൽ ഇരുപതോളം മാധ്യമപ്രവർത്തകർ അഞ്ച് മാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ്, ഇതുവരെ ‘തിരിച്ചറിയപ്പെടാത്തവർ’ എന്ന് യുഎസ് വിശേഷിപ്പിച്ച ഇരകളുടെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. മേഖലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളിൽ ഇതുവരെ 194 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

കൊല്ലപ്പെട്ടവർ ആഗോള ലഹരി മാഫിയാ തലവന്മാരായ പബ്ലോ എസ്കോബാറോ ‘എൽ ചാപ്പോ’ ഗുസ്മാനോ ഒന്നുമല്ലെന്നും, മറിച്ച് ലാറ്റിൻ അമേരിക്കയിലെയും കരീബിയൻ ദ്വീപുകളിലെയും അതിദരിദ്ര ഗ്രാമങ്ങളിൽ നിന്നും കുടുംബം പുലർത്താൻ മറ്റ് വഴികളില്ലാതെ ബോട്ടുകളിൽ ജോലിക്കിറങ്ങിയ സാധാരണക്കാരായ യുവാക്കളാണെന്നും ക്ലിപ് (CLIP) ഡയറക്ടർ മരിയ തെരേസ റൊണ്ടേറോസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും ലഹരിക്കടത്തുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ചിലർക്ക് പങ്കുണ്ടെങ്കിൽ തന്നെ അത് കേവലം അതിജീവനത്തിനായുള്ള കൂലിപ്പണി മാത്രമായിരുന്നു. ആക്രമണ ഭീതി കാരണം ഭൂരിഭാഗം തീരദേശവാസികളും ആഴ്ചകളോളം കടലിൽ പോകാതിരുന്നതോടെ ഈ മേഖലകളിൽ വലിയ പട്ടിണിയാണ് നേരിടുന്നത്.

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുമായി യുഎസ് ബന്ധം വഷളാകുമെന്ന ഭയത്താൽ പ്രാദേശിക ഭരണകൂടങ്ങളോ പ്രോസിക്യൂട്ടർമാരോ ഈ മരണങ്ങളെക്കുറിച്ച് സംസാരിക്കാൻ തയ്യാറായിരുന്നില്ല. നിലവിൽ തിരിച്ചറിഞ്ഞ 16 പേരിൽ (3 പേരുടെ വിവരങ്ങൾ മുൻപ് പുറത്തുവന്നിരുന്നു) 8 പേർ വെനിസ്വേല സ്വദേശികളാണ്. കൂടാതെ കൊളംബിയ, ഇക്വഡോർ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, സെന്റ് ലൂസിയ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഈ പട്ടികയിലുണ്ട്. കഴിഞ്ഞ എട്ട് മാസമായി തുടരുന്ന വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ട 194 പേരിൽ ഒരാൾക്ക് പോലും ലഹരിക്കടത്തിൽ പങ്കുണ്ടെന്നതിൻ്റെ ഒരു തെളിവും ഹാജരാക്കാൻ ഇതുവരെ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല.

അതേസമയം, ലഹരി ഭീകരർക്ക് നേരെ മാത്രമാണ് കൃത്യവും നിയമപരവുമായ ആക്രമണം നടത്തിയതെന്നാണ് യുഎസ് സതേൺ കമാൻഡ് വക്താവിന്റെ വാദം. എന്നാൽ, കൊക്കൈൻ കടത്തുന്നവർക്ക് പോലും എവിടെയും വധശിക്ഷയില്ലെന്നിരിക്കെ, സ്വയം പ്രതിരോധിക്കാൻ പോലും ഒരു അവസരം നൽകാതെ ഇവരെ ബോംബിട്ട് കൊലപ്പെടുത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. ഡൊണാൾഡ് ട്രംപ് ഭരണകൂടം ലഹരി വിരുദ്ധ പോരാട്ടത്തിന്റെ പേരിൽ നടത്തുന്ന കേവലമൊരു ‘സൈനിക അഭ്യാസ പ്രകടനം’ മാത്രമാണിതെന്ന് ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പിലെ മുതിർന്ന ഉപദേശകനും മുൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അഭിഭാഷകനുമായ ബ്രയാൻ ഫിനുകെയ്ൻ വിമർശിച്ചു. ഈ വ്യോമാക്രമണങ്ങൾ ലഹരിക്കടത്ത് കുറച്ചിട്ടില്ലെന്നും, മറിച്ച് കടുത്ത ദാരിദ്ര്യത്തിലായിരുന്ന നിരവധി കുടുംബങ്ങളുടെ ഏക വരുമാനമാർഗ്ഗമായ മനുഷ്യരെ ഇല്ലാതാക്കുക മാത്രമാണ് ചെയ്തതെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *