തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുന്നതിന് പിന്നാലെ സംസ്ഥാന പോലീസിൽ വൻ അഴിച്ചുപണിക്ക് നീക്കം. നിലവിലുള്ള പോലീസ് സ്റ്റേഷൻ ഭരണഘടന ഉൾപ്പെടെ അടിമുടി മാറ്റാനാണ് സർക്കാർ തയ്യാറെടുക്കുന്നത്.പുതിയ സംവിധാനത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) സംവിധാനം പൂർണമായും പുനഃസംഘടിപ്പിക്കുമെന്ന് റിപ്പോർട്ട്. പ്രധാന മാറ്റമായി സ്റ്റേഷൻ ഭരണം വീണ്ടും സബ് ഇൻസ്പെക്ടർമാർക്ക് കൈമാറാനും പഴയ സർക്കിൾ ഇൻസ്പെക്ടർ (CI) സംവിധാനം തിരിച്ചുകൊണ്ടുവരാനും ആലോചനയുണ്ട്. ഇതുസംബന്ധിച്ച വിശദമായ പദ്ധതി റിപ്പോർട്ട് ഡി.ജി.പി. തയ്യാറാക്കിയതായി സൂചനയുണ്ട്.
പുതിയ ക്രമീകരണ പ്രകാരം പ്രധാനപ്പെട്ട സ്റ്റേഷനുകൾ ഒഴികെ രണ്ട് സ്റ്റേഷനുകൾക്ക് ഒരു ഇൻസ്പെക്ടർ എന്ന പഴയ രീതി തിരിച്ചുവരും. വർഷത്തിൽ 3000-ലധികം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്ന വലിയ സ്റ്റേഷനുകളിൽ മാത്രമേ ഇൻസ്പെക്ടർമാർ എസ്എച്ച്ഓമാരായി തുടരുമെന്നാണ് വിവരം. കുറഞ്ഞ കേസുകൾ വരുന്ന ബി, സി ക്ലാസ് സ്റ്റേഷനുകളിൽ എസ്എച്ച്ഓ പദവി മാറ്റി ഭരണം എസ്.ഐമാർക്ക് കൈമാറും.
ഇൻസ്പെക്ടർമാരെ സ്റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കി സൈബർ സെൽ, പോക്സോ, പ്രത്യേക അന്വേഷണ വിഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് മാറ്റാനുള്ള സാധ്യതയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുള്ള പ്രത്യേക പദ്ധതികളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
പോലീസ്, ബ്യൂറോക്രസി മേഖലകളിൽ സമഗ്ര അഴിച്ചുപണി ഉണ്ടാകുമെന്ന സൂചനകളും പുറത്ത് വന്നിട്ടുണ്ട്. ക്രമസമാധാന ചുമതല, ഇന്റലിജൻസ് ഉൾപ്പെടെയുള്ള പ്രധാന വിഭാഗങ്ങളിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. പുതിയ സർക്കാരിന്റെ ആദ്യ പ്രധാന നയപരമായ തീരുമാനങ്ങളിലൊന്നായി ഈ പോലീസ് പുനഃസംഘടന മാറുമെന്നാണ് വിലയിരുത്തൽ.

