തിരുവനന്തപുരം: യുഡിഎഫ് സർക്കാരിലെ മന്ത്രിസഭ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലെത്തുന്നതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കറാകുമെന്ന് റിപ്പോർട്ട്. ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ എത്തും.
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിമാരുടെ പേരുകൾ പ്രഖ്യാപിച്ചതിന് ശേഷം പട്ടിക ഗവർണർക്ക് കൈമാറും. സ്പീക്കർ സ്ഥാനത്തേക്ക് യുവ നേതാവിനെ പരിഗണിച്ചിരുന്നെങ്കിലും, സഭ നിയന്ത്രിക്കാൻ മുതിർന്ന അംഗം വേണമെന്ന നിലപാടിനെ തുടർന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേര് ഉയർന്നത്. ഇതുസംബന്ധിച്ച് കോൺഗ്രസ് നേതൃത്വം അദ്ദേഹവുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് റവന്യൂ വകുപ്പ് ലഭിക്കാനാണ് സാധ്യത. കെ മുരളീധരന് ആരോഗ്യവകുപ്പും എ പി അനിൽകുമാറിന് ടൂറിസം-എക്സൈസ് വകുപ്പുകളും ലഭിച്ചേക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കുമെന്നാണ് സൂചന. പിസി വിഷ്ണുനാഥിനെ ഈ വകുപ്പിലേക്ക് പരിഗണിക്കുന്നതായും റിപ്പോർട്ടുണ്ട്. അതേസമയം സിപി ജോണിന് സഹകരണ വകുപ്പും മുഖ്യമന്ത്രിക്ക് ധനവകുപ്പിനൊപ്പം തുറമുഖ വകുപ്പും ലഭിക്കാനാണ് സാധ്യത. ബിന്ദു കൃഷ്ണയ്ക്ക് സാമൂഹ്യനീതി വകുപ്പ് ലഭിച്ചേക്കും. മോൻസ് ജോസഫിന് ജലവിഭവ വകുപ്പ് ലഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

