തിരുവനന്തപുരം: കോൺഗ്രസ് പ്രഖ്യാപിച്ച “ഇന്ദിരാ ഗാരന്റികൾ” പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിൽ പരിഗണിക്കുമെങ്കിലും പദ്ധതികൾ പൂർണമായി നടപ്പാക്കാൻ ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് സൂചന. ജൂൺ 18ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ പ്രധാന ഗാരന്റികളുമായി ബന്ധപ്പെട്ട പ്രാഥമിക തീരുമാനങ്ങൾ ഉണ്ടാകാനാണ് സാധ്യത.
കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഉൾപ്പെടെയുള്ള ചില പദ്ധതികൾ ആദ്യഘട്ടത്തിൽ തന്നെ നടപ്പാക്കാൻ സർക്കാർ ശ്രമിക്കും. എന്നാൽ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപവരെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് വിശദമായ പഠനം നടത്താൻ ധന അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താനാണ് നീക്കം. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകുക.
സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ പൂർണ സൗജന്യ യാത്ര അനുവദിച്ചാൽ സംസ്ഥാനത്തിന് ഉണ്ടാകുന്ന പ്രതിമാസ സാമ്പത്തികഭാരം എത്രയെന്നതടക്കമുള്ള വിശദാംശങ്ങൾ ധനവകുപ്പും കെഎസ്ആർടിസിയും പരിശോധിച്ചുവരികയാണ്. ഇതുസംബന്ധിച്ച റിപ്പോർട്ടും മന്ത്രിസഭ പരിഗണിക്കും.
ആശാ പ്രവർത്തകരുടെ പ്രതിദിന വേതനം വർധിപ്പിക്കുന്ന കാര്യവും ആദ്യ മന്ത്രിസഭായോഗത്തിൽ ചർച്ചയാകും. പ്രതിദിന വേതനം 700 രൂപയാക്കുകയോ 500 രൂപയാക്കി ഉയർത്തുകയോ ചെയ്താൽ ഉണ്ടാകുന്ന അധിക സാമ്പത്തികഭാരം സംബന്ധിച്ച റിപ്പോർട്ട് ധനവകുപ്പ് തയ്യാറാക്കുന്നുണ്ട്.ഉന്നത വിദ്യാഭ്യാസം നടത്തുന്ന കോളജ് വിദ്യാർഥിനികൾക്ക് പഠനച്ചെലവിനായി പ്രതിമാസം 1,000 രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകുന്ന പദ്ധതിയിലും തീരുമാനം ഉണ്ടാകും.
സ്വന്തമായി ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന യുവ സംരംഭകർക്ക് അഞ്ചുലക്ഷം രൂപവരെ പലിശരഹിത വായ്പ നൽകുന്ന പദ്ധതിയും സർക്കാർ പരിഗണനയിലുണ്ട്.നിലവിലുള്ള സാമൂഹിക സുരക്ഷാ പെൻഷൻ 3,000 രൂപയായി ഉയർത്തുമെന്നും കൃത്യസമയത്ത് വിതരണം ഉറപ്പാക്കുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഈ വിഷയത്തിൽ പിന്നീട് പ്രത്യേക തീരുമാനം കൈക്കൊള്ളാനാണ് സാധ്യത.

