കൊച്ചി: കണ്ണൂർ ചെറുപുഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ഒരാളെ രക്ഷിക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ച തിരുവനന്തപുരം നേമം സ്വദേശി ആർ. രാജേഷിന്റെ ധീരതയെ കേരള ഹൈക്കോടതി ആദരിച്ചു. രാജേഷിന്റെ ത്യാഗം അത്യുന്നതവും അതുല്യവുമാണെന്ന് കോടതി പറഞ്ഞു.
വെള്ളപ്പൊക്കത്തിൽ അകപ്പെട്ടയാളെ രക്ഷിക്കുന്നതിനിടെ രാജേഷ് സ്വന്തം രക്ഷാജാക്കറ്റ് അഴിച്ചുനൽകുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. സംഭവത്തിൽ രാജേഷ് കാട്ടിയ ധീരതയ്ക്കാണ് ഹൈക്കോടതി സല്യൂട്ട് അർപ്പിച്ചത്.
രാജേഷിനെ സല്യൂട്ട് ചെയ്യുന്നതിനൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പ്രാർഥനയിൽ പങ്കുചേരുന്നതായും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി രാജേഷിന്റെ ജീവത്യാഗത്തെ ആദരപൂർവം പരാമർശിച്ചത്.
രാജേഷിന്റെ ഭാര്യയും രണ്ട് മക്കളും ഉൾപ്പെടുന്ന കുടുംബം കല്ലിയൂർ കിഴക്കേതെറ്റിവിളയിലെ ലൈഫ് മിഷൻ പദ്ധതിയിലൂടെ ലഭിച്ച നിർമാണം പൂർത്തിയാകാത്ത വീട്ടിലാണ് താമസിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. കുടുംബത്തെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്നും കോടതി പറഞ്ഞു.
രാജേഷിന്റെ കുടുംബത്തിന് സമൂഹം പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഉചിതമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും ഹൈക്കോടതി നിർദേശിച്ചു.

