അരുണാചലിലെ 27 സ്ഥലങ്ങൾക്ക് ഔദ്യോഗിക പേരുകൾ; ചൈനയുടെ പേരുമാറ്റ നീക്കത്തിന് ഇന്ത്യയുടെ മറുപടി

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്കും ഭൗമസവിശേഷതകൾക്കും ഔദ്യോഗിക ഇന്ത്യൻ പേരുകൾ രേഖപ്പെടുത്തി കേന്ദ്രസർക്കാർ. സർവേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തിലാണ് ഇവയുടെ സ്റ്റാൻഡേർഡ് പേരുകൾ ഉൾപ്പെടുത്തിയത്. അരുണാചൽ പ്രദേശ് സർക്കാർ നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

21 ഭൂപ്രദേശങ്ങൾ, നാല് പർവത ചുരങ്ങൾ, ഒരു തടാകം, ഒരു സ്മാരകം എന്നിവയാണ് പട്ടികയിലുള്ളത്. ലോങ്ജു, മാജ, ബിസ, ബാര കുന്ദുൻ, ഛോട്ട കുന്ദുൻ, ധൻ ബാരി, പ്രിത്നഗർ, ബുദ്ധമന്ദിർ, ജയ്റാംപുർ, ടെറിറ്റ്നഗർ, രാംനഗർ, ജസ്വന്ത് ഗഢ്, സാഗർ, പദ്മ, ജ്യോതിനഗർ, ബൈസാഖി, ഛോട്ട റോപുക്, ബാര റോപുക്, ശിവാജി നഗർ, സുൻപുര, കമ്ലാങ് നഗർ എന്നിവയാണ് 21 സ്ഥലങ്ങൾ.

ഡ്സോ ലാ, റിസ ലാ, പുകൂർ ലാ, താഗ് ലാ എന്നീ നാല് പർവത ചുരങ്ങളും സാംഭോ സരോവർ, ഷെർ-ഇ-താപ്പ മെമ്മോറിയൽ എന്നിവയും ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന ഏകപക്ഷീയമായി ചൈനീസ് പേരുകൾ നൽകുന്നതിനെതിരെ ഇന്ത്യ നേരത്തെയും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യവും മാറ്റമില്ലാത്തതുമായ ഭാഗമാണെന്നും പേരുകൾ മാറ്റാനുള്ള ഇത്തരം ശ്രമങ്ങൾക്ക് ഭൂമിയിലെ യാഥാർഥ്യം മാറ്റാനാകില്ലെന്നുമാണ് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്.

അരുണാചൽ പ്രദേശിനെ ചൈന ‘സൗത്ത് ടിബറ്റ്’ എന്ന് അവകാശപ്പെടുകയും സംസ്ഥാനത്തെ വിവിധ സ്ഥലങ്ങൾക്ക് ചൈനീസ് പേരുകൾ നൽകുകയും ചെയ്തുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ പുതിയ നടപടി. പുതിയ പേരുകൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തുന്നത് സ്ഥലങ്ങളുടെ കൃത്യമായ തിരിച്ചറിയലിനും പൊതുജന ബോധവൽക്കരണത്തിനും സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇത് പുതിയ ഭരണജില്ലകൾ രൂപീകരിക്കുന്ന നടപടിയല്ല. നിലവിലുള്ള സ്ഥലങ്ങളും ഭൗമസവിശേഷതകളും ഔദ്യോഗിക ഇന്ത്യൻ പേരുകളിൽ സർവേ ഓഫ് ഇന്ത്യയുടെ ഭൂപടത്തിൽ രേഖപ്പെടുത്തുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *