സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് മൂല്യനിർണ്ണയം: ഓൺ-സ്ക്രീൻ മാർക്കിംഗ് സുതാര്യതയും കൃത്യതയും വർദ്ധിപ്പിച്ചതായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണ്ണയത്തിനായി പുതുതായി ഏർപ്പെടുത്തിയ ‘ഓൺ-സ്ക്രീൻ മാർക്കിംഗ്’ (OSM) ഡിജിറ്റൽ സംവിധാനം സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെ മാർക്കിംഗിനെക്കുറിച്ച് ഉയർന്ന ആശങ്കകൾ പരിഹരിച്ചുകൊണ്ടാണ് മന്ത്രാലയം ഔദ്യോഗിക വിശദീകരണം നൽകിയത്. രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ടതും സുരക്ഷിതവുമായ ഈ മൂല്യനിർണ്ണയ രീതി, മാർക്ക് കൂട്ടുന്നതിലും രേഖപ്പെടുത്തുന്നതിലുമുള്ള മനുഷ്യസഹജമായ പിഴവുകൾ പൂർണ്ണമായും ഇല്ലാതാക്കിയതായി അധികൃതർ വ്യക്തമാക്കി.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഈ പരിഷ്കാരത്തിലൂടെ രാജ്യത്തിനകത്തും പുറത്തുമുള്ള സി.ബി.എസ്.ഇ സ്കൂളുകളിലെ 98.6 ലക്ഷത്തിലധികം ഉത്തരക്കടലാസുകളാണ് ഇത്തവണ ഡിജിറ്റലായി മൂല്യനിർണ്ണയം നടത്തിയത്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ലോഡ് ചെയ്താണ് അധ്യാപകർ കമ്പ്യൂട്ടർ സ്ക്രീനിലൂടെ പരിശോധന നടത്തിയത്. മാർക്കിംഗ് സ്കീം കർശനമായി പാലിച്ച് ഘട്ടം ഘട്ടമായി കൃത്യതയോടെ മാർക്ക് നൽകാൻ ഈ സംവിധാനം സഹായിച്ചതായി സി.ബി.എസ്.ഇ അറിയിച്ചു.

ചില വിദ്യാർത്ഥികൾ വളരെ നേർത്ത മഷി ഉപയോഗിച്ച് എഴുതിയതിനാൽ സ്കാനിംഗിൽ വ്യക്തതക്കുറവ് നേരിട്ട 13,000-ത്തോളം ഉത്തരക്കടലാസുകൾ കുട്ടികൾക്ക് ദോഷം വരാത്ത രീതിയിൽ അധ്യാപകർ നേരിട്ട് പരിശോധിച്ച് മാർക്കുകൾ രേഖപ്പെടുത്തിയതായും മന്ത്രാലയം വ്യക്തമാക്കി. ഇതോടൊപ്പം, പുനർമൂല്യനിർണ്ണയത്തിനും മാർക്ക് പരിശോധനയ്ക്കുമുള്ള ഫീസ് 100 രൂപയായി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിട്ടുണ്ട്. പുനർമൂല്യനിർണ്ണയത്തിൽ മാർക്ക് വർദ്ധിക്കുന്ന കുട്ടികൾക്ക് ഈ തുക തിരികെ നൽകുമെന്നും മന്ത്രാലയം അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയത്തിനുള്ള നടപടികൾ മേയ് 19 മുതൽ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *