കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് 32-ാം തവണയും കീഴടക്കി നേപ്പാളിന്റെ ഇതിഹാസ പർവതാരോഹകൻ കാമി റിത ഷെർപ ചരിത്രം കുറിച്ചു. ‘എവറസ്റ്റ് മനുഷ്യൻ’ എന്നറിയപ്പെടുന്ന 56-കാരനായ കാമി റിത, ലോകത്തിൽ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കൊടുമുടി കയറിയ വ്യക്തിയെന്ന സ്വന്തം റെക്കോർഡാണ് ഇതോടെ തിരുത്തിയത്.
ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10:12-ഓടെയാണ് അദ്ദേഹം കൊടുമുടിയുടെ നെറുകയിൽ എത്തിയത്. ’14 പീക്സ് എക്സ്പെഡിഷൻ’ എന്ന അന്താരാഷ്ട്ര പർവതാരോഹക സംഘത്തെ നയിച്ചുകൊണ്ടാണ് കാമി റിത ഈ നേട്ടം കൈവരിച്ചതെന്ന് നേപ്പാൾ ടൂറിസം വകുപ്പ് സ്ഥിരീകരിച്ചു. 1994-ൽ തന്റെ 24-ാം വയസ്സിലാണ് അദ്ദേഹം ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. തുടർന്ന് ഏതാണ്ട് എല്ലാ വർഷങ്ങളിലും അദ്ദേഹം പർവതാരോഹണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ വർഷം മേയ് 27-നാണ് അദ്ദേഹം 31-ാമത്തെ എവറസ്റ്റ് കയറ്റം പൂർത്തിയാക്കിയത്.

