ആലപ്പുഴ: വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന സമീപനത്തെയല്ല കേരളത്തിലെ ജനത ആഗ്രഹിക്കുന്നതെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയതായി എ.ഐ.സി.സി. (AICC) ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗിനെ ആവർത്തിച്ച് ആക്രമിക്കുന്നത് സംസ്ഥാനത്ത് സാമൂഹ്യ സംഘർഷം ഉണ്ടാക്കുകയെന്ന കൃത്യമായ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യു.ഡി.എഫിൽ (UDF) എല്ലാ രാഷ്ട്രീയ പാർട്ടികളും പരസ്പര ബഹുമാനത്തോടെയാണ് പ്രവർത്തിക്കുന്നത്. മുന്നണിയിലെ ഒരു പാർട്ടിയും മറ്റൊരു പാർട്ടിക്ക് മേൽ മേധാവിത്വം നേടാൻ ശ്രമിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രമേശ് ചെന്നിത്തല മന്ത്രിസഭയിൽ വേണമെന്നത് സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യമായിരുന്നു. ആ ആഗ്രഹത്തെ മാനിച്ചാണ് ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമാകാൻ തയ്യാറായതെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

