താമരശ്ശേരി ചുരത്തിൽ വീതി കൂട്ടൽ പ്രവൃത്തി; തിങ്കളാഴ്ച മുതൽ ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ ലോറികൾക്കും നിയന്ത്രണം, ഗതാഗതം കുറ്റ്യാടി വഴി തിരിച്ചുവിടും

കോഴിക്കോട്: താമരശ്ശേരി ചുരത്തിന്റെ വീതി വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നവീകരണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ചുരത്തിലൂടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതത്തിന് നാളെ മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി പി.ഡബ്ല്യു.ഡി. (PWD) എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പ്രവൃത്തികൾ തടസ്സമില്ലാതെ പൂർത്തിയാക്കുന്നതിനായി ഭാരവാഹനങ്ങളും മൾട്ടി ആക്സിൽ ലോറികളും നാളെ മുതൽ മറ്റ് ബദൽ റോഡുകളിലൂടെ വഴിതിരിച്ചുവിടും.

പുതിയ ക്രമീകരണമനുസരിച്ച് കോഴിക്കോട് ഭാഗത്തുനിന്ന് വയനാട് കൽപ്പറ്റയിലേക്ക് പോകുന്ന വലിയ വാഹനങ്ങൾ താമരശ്ശേരി ചുങ്കത്തുനിന്ന് തിരിഞ്ഞ് ബാലുശ്ശേരി – കുറ്റ്യാടി വഴി പോകേണ്ടതാണ്. അതുപോലെ കൽപ്പറ്റയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ വൈത്തിരി ടൗണിൽനിന്ന് തിരിഞ്ഞ് പടിഞ്ഞാറത്തറ – തരുവണ – കുറ്റ്യാടി വഴി തിരിഞ്ഞു പോകണം.

അതേസമയം കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ ചുരത്തിലൂടെ കടന്നുപോകുന്ന മറ്റ് ചെറുവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ചുരത്തിലൂടെ പോകുന്ന മറ്റ് വാഹനങ്ങൾ വേഗത കുറച്ചും, അതീവ സുരക്ഷിതമായും, അതാത് സമയങ്ങളിൽ ട്രാഫിക് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിച്ചും മാത്രമേ യാത്ര ചെയ്യാവൂ എന്ന് അധികൃതർ അറിയിപ്പിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *