പാറ്റ്ന: ബിഹാറിലെ സസാരാം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന സസാരാം-പാറ്റ്ന പാസഞ്ചർ ട്രെയിനിന്റെ ബോഗിയിൽ തീപിടിത്തമുണ്ടായി. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ട്രെയിനിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അഗ്നിരക്ഷാസേനയും റെയിൽവേ സുരക്ഷാസേനയും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. തീപിടിത്തമുണ്ടായ ബോഗി പിന്നീട് ട്രെയിനിൽ നിന്ന് വേർപെടുത്തി.
സംഭവസമയത്ത് ബാധിത ബോഗിയിൽ യാത്രക്കാരില്ലായിരുന്നുവെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഈസ്റ്റ് സെൻട്രൽ റെയിൽവേ അധികൃതർ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീപിടിത്തത്തെ തുടർന്ന് സ്റ്റേഷനിൽ പുക നിറഞ്ഞതോടെ യാത്രക്കാർ പരിഭ്രാന്തരായി ഓടിപ്പിരിഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ റെയിൽവേ വിശദമായ അന്വേഷണം ആരംഭിച്ചു.

