എയർ ഷോയ്ക്കിടെ അപകടം: യുഎസ് നേവിയുടെ രണ്ട് യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു

വാഷിങ്ടൺ: അമേരിക്കയിലെ ഐഡഹോ സംസ്ഥാനത്ത് നടന്ന എയർ ഷോയ്ക്കിടെ യുഎസ് നേവിയുടെ രണ്ട് യുദ്ധവിമാനങ്ങൾ മധ്യാകാശത്ത് കൂട്ടിയിടിച്ച് തകർന്നു വീണു. മൗണ്ടൻ ഹോം എയർ ഫോഴ്‌സ് ബേസിൽ നടന്ന ‘ഗൺഫൈറ്റർ സ്കൈസ്’ എയർ ഷോയ്ക്കിടെയായിരുന്നു അപകടം.

യുഎസ് നേവിയുടെ EA-18G ഗ്രൗളർ വിഭാഗത്തിൽപ്പെട്ട രണ്ട് വിമാനങ്ങളാണ് പ്രകടനത്തിനിടെ തമ്മിൽ ഇടിച്ചത്. അപകടസമയത്ത് വിമാനങ്ങളിലുണ്ടായിരുന്ന നാല് ജീവനക്കാരും സുരക്ഷിതമായി പാരഷൂട്ടിലൂടെ പുറത്തുകടന്നതായി നേവി അധികൃതർ അറിയിച്ചു. എല്ലാവരുടെയും ആരോഗ്യനില സ്ഥിരതയിലാണെന്നും റിപ്പോർട്ടുണ്ട്. അപകടത്തെ തുടർന്ന് എയർ ഷോ താൽക്കാലികമായി നിർത്തിവെക്കുകയും പ്രദേശം സുരക്ഷാ നിയന്ത്രണത്തിലാക്കുകയും ചെയ്തു. അപകടസ്ഥലത്തേക്ക് അഗ്നിരക്ഷാസേനയും അടിയന്തരസേവന സംഘങ്ങളും ഉടൻ എത്തി രക്ഷാപ്രവർത്തനം നടത്തി.

അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച ശേഷം തീപിടിച്ച് താഴേക്ക് പതിക്കുന്നതും പിന്നാലെ പാരഷൂട്ടുകൾ തുറക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി യുഎസ് നേവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *