കൊളംബിയയെ ഞെട്ടിച്ച് സായുധ സംഘങ്ങളുടെ ഡ്രോൺ യുദ്ധം; കുട്ടികളടക്കം നിരവധി സാധാരണക്കാർക്ക് ദാരുണാന്ത്യം

ബൊഗോട്ട: ആറ് പതിറ്റാണ്ടിലേറെയായി ആഭ്യന്തര യുദ്ധം തകർത്ത കൊളംബിയയിൽ, സായുധ വിമത ഗ്രൂപ്പുകൾ നടത്തുന്ന അത്യാധുനിക ഡ്രോൺ ആക്രമണങ്ങൾ ജനജീവിതം അതീവ ഭീതിയിലാഴ്ത്തുന്നു. കുറഞ്ഞ ചിലവിൽ ചൈനയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന കൊമേർഷ്യൽ ഡ്രോണുകളിൽ സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച് ‘കാമികാസെ’ (Kamikaze – സ്വയം പൊട്ടിത്തെറിക്കുന്ന രീതി) ആയുധങ്ങളാക്കി മാറ്റിയാണ് വിമതർ ഇപ്പോൾ ആക്രമണം അഴിച്ചുവിടുന്നത്. 2024-ൽ തെക്കൻ കൗക്കയിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ ഡ്രോൺ ഗ്രനേഡ് വർഷിച്ചപ്പോൾ പത്തുവയസ്സുകാരൻ കൊല്ലപ്പെട്ടതാണ് രാജ്യത്തെ ആദ്യത്തെ ഡ്രോൺ മരണമായി രേഖപ്പെടുത്തിയത്. എന്നാൽ ഇന്ന് ആശുപത്രികൾ, സ്കൂളുകൾ, പോലീസ് സ്റ്റേഷനുകൾ, ജനവാസ മേഖലകൾ എന്നിവടങ്ങളിലെല്ലാം ഡ്രോൺ ബോംബുകൾ പതിക്കുകയാണ്.

സമീപകാലത്ത് ആക്രമണങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൊളംബിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2023-ൽ ഡ്രോൺ ആക്രമണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യാതിരുന്ന സ്ഥാനത്ത്, 2024-ൽ 61-ഉം, 2025-ൽ അത് 333-ഉം ആയി കുതിച്ചുയർന്നു. കഴിഞ്ഞ ഡിസംബറിൽ ഒരു സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 7 സൈനികർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് 2026 ഫെബ്രുവരിയിൽ സെഗോവിയയിലെ ഒരു വീടിന് മുകളിൽ ഡ്രോൺ മോർട്ടാർ ഷെൽ വർഷിച്ചതിനെ തുടർന്ന് അമ്മയും രണ്ട് മക്കളും കൊല്ലപ്പെട്ടു. ഈയടുത്ത ദിവസം തലസ്ഥാനമായ ബൊഗോട്ടയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുനിന്നും സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ സുരക്ഷാസേന കണ്ടെടുത്തത് വൻ ഭീതി പരത്തിയിട്ടുണ്ട്.

യുക്രൈൻ യുദ്ധത്തിൽ ഡ്രോണുകൾ വ്യാപകമായി ഉപയോഗിച്ചതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടും, മെക്സിക്കൻ-ബാൽക്കൻ മയക്കുമരുന്ന് മാഫിയകളുടെ സഹായത്തോടെയുമാണ് കൊളംബിയയിലെ ‘ഫാർക്ക്’ (FARC), ‘ഇഎൽഎൻ’ (ELN) തുടങ്ങിയ വിമത ഗ്രൂപ്പുകൾ ഈ സാങ്കേതികവിദ്യ സ്വന്തമാക്കിയതെന്ന് യുദ്ധവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ജാമിംഗ് സംവിധാനങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള ഫൈബർ ഒപ്റ്റിക് ഡ്രോണുകളും, തത്സമയം നിയന്ത്രിക്കാൻ കഴിയുന്ന എഫ്പിവി (FPV) ഡ്രോണുകളും ഇപ്പോൾ വിമതരുടെ പക്കലുണ്ട്. സാങ്കേതികവിദ്യ കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതിനാൽ കൊച്ചു കുട്ടികളെപ്പോലും ഡ്രോൺ ഓപ്പറേറ്റർമാരായി (Droneros) സായുധ സംഘങ്ങൾ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്. ഡ്രോണുകളെ പ്രതിരോധിക്കാൻ കൊളംബിയൻ സർക്കാർ കോടിക്കണക്കിന് രൂപയുടെ ആന്റി-ഡ്രോൺ പ്രതിരോധ ഷീൽഡ് ഒരുക്കുന്നുണ്ടെങ്കിലും, രാജ്യത്തുടനീളമുള്ള അയ്യായിരത്തിലധികം വരുന്ന സൈനിക പ്ലാറ്റൂണുകളിൽ ഉടനടി ഈ സാങ്കേതികവിദ്യ എത്തിക്കുക എന്നത് കനത്ത വെല്ലുവിളിയാണെന്ന് കൊളംബിയൻ സൈനിക മേധാവി മേജർ ജനറൽ ലൂയിസ് എമിലിയോ കാർഡോസോ സമ്മതിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *