കാൻബെറ: പണപ്പെരുപ്പത്തിന് ആനുപാതികമായി വ്യക്തിഗത നികുതി സ്ലാബുകളിൽ മാറ്റം വരുത്തില്ലെന്ന് വ്യക്തമാക്കി ഓസ്ട്രേലിയൻ ട്രഷറർ ജിം ചാൽമേഴ്സ്. രാജ്യത്തെ സാമ്പത്തിക സാഹചര്യം പരിഗണിച്ചുമാത്രമേ ഇത്തരം തീരുമാനങ്ങൾ എടുക്കാൻ സാധിക്കൂ എന്നും, സർക്കാരിന്റെ ഇപ്പോഴത്തെ സമീപനം ഉത്തരവാദിത്തമുള്ളതും ജനങ്ങൾക്ക് താങ്ങാനാവുന്നതുമാണെന്നും (Responsible and affordable) അദ്ദേഹം പറഞ്ഞു. എബിസിയുടെ ‘ഇൻസൈഡേഴ്സ്’ (ABC Insiders) പരിപാടിയിൽ അവതാരകൻ ഡേവിഡ് സ്പീയേഴ്സുമായി നടന്ന തർക്കത്തിനിടയിലാണ് ട്രഷറർ സർക്കാരിന്റെ നയം വ്യക്തമാക്കിയത്.
പണപ്പെരുപ്പം കാരണം തൊഴിലാളികളുടെ വേതനം വർദ്ധിക്കുമ്പോൾ, യഥാർത്ഥ വാങ്ങൽ ശേഷി കൂടാതെ തന്നെ അവർ ഉയർന്ന നികുതി സ്ലാബുകളിലേക്ക് (Tax thresholds) മാറുന്ന പ്രതിഭാസമാണ് ‘ബ്രാക്കറ്റ് ക്രീപ്പ്’ (Bracket creep). ഇത് ഔദ്യോഗികമായി നികുതി നിരക്ക് കൂട്ടാതെ തന്നെ ജനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. ഇതിനെതിരെ നികുതി സ്ലാബുകൾ പണപ്പെരുപ്പത്തിന് അനുസരിച്ച് സ്ഥിരമായി പുതുക്കണമെന്ന പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്ലറുടെ നിർദ്ദേശത്തെ ജിം ചാൽമേഴ്സ് ശക്തമായി എതിർത്തു. ഈ രീതി നടപ്പിലാക്കിയാൽ ആദ്യ വർഷം ശരാശരി നികുതിദായകർക്ക് 250 ഡോളറും നാലാം വർഷത്തോടെ 1,000 ഡോളറും ലാഭിക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
എന്നാൽ, പ്രതിപക്ഷത്തിന്റെ ഈ നയം രാജ്യത്തിന്റെ കടബാധ്യത കാൽ ട്രില്യൺ ഡോളറായി (25,000 കോടി ഡോളർ) വർദ്ധിപ്പിക്കുമെന്നും, പണപ്പെരുപ്പം ഏറ്റവും ഉയർന്നുനിൽക്കുന്ന സമയത്ത് വിപണിയിലേക്ക് കൂടുതൽ പണം ഒഴുക്കുന്നത് പലിശനിരക്കുകൾ വീണ്ടും കൂടാൻ കാരണമാകുമെന്നും ട്രഷറർ മുന്നറിയിപ്പ് നൽകി. നിലവിൽ മൂന്ന് വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ അഞ്ച് തവണ ലേബർ സർക്കാർ നികുതിയിളവുകൾ നൽകിയിട്ടുണ്ടെന്നും, ശരാശരി തൊഴിലാളികൾക്ക് വർഷം 2,800 ഡോളറിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഔദ്യോഗികമായി നികുതി കൂട്ടാതെ ബ്രാക്കറ്റ് ക്രീപ്പ് വഴി ജനങ്ങളിൽ നിന്നും ലഭിക്കുന്ന അധിക വരുമാനത്തെയാണ് ബജറ്റ് സന്തുലിതമാക്കാൻ സർക്കാർ ആശ്രയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്ലർ കുറ്റപ്പെടുത്തി. ഈ ഇനത്തിൽ അടുത്ത നാല് വർഷം കൊണ്ട് 3,500 കോടി ഡോളർ ജനങ്ങളിൽ നിന്നും ഈടാക്കാനാണ് ലേബർ പാർട്ടിയുടെ പദ്ധതിയെന്നും പ്രതിപക്ഷം ആരോപിച്ചു

