പിടിച്ചെടുത്ത വ്യാജ സിഗരറ്റുകളും വേപ്പുകളും സൂക്ഷിക്കാൻ സ്ഥലമില്ലാതെ ഓസ്‌ട്രേലിയൻ പോലീസ്; കനത്ത സാമ്പത്തിക ബാധ്യതയെന്ന് റിപ്പോർട്ട്

കാൻബെറ: ഓസ്‌ട്രേലിയയിൽ നിയമവിരുദ്ധ പുകയില ഉൽപ്പന്നങ്ങളുടെയും ഇലക്ട്രോണിക് സിഗരറ്റുകളുടെയും (Vapes) കള്ളക്കടത്ത് വൻതോതിൽ വർദ്ധിച്ചതോടെ, പിടിച്ചെടുക്കുന്ന തൊണ്ടിമുതലുകൾ സൂക്ഷിക്കാൻ സ്ഥലമില്ലാതെ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) കടുത്ത പ്രതിസന്ധിയിൽ. പോലീസിന്റെ സുരക്ഷിത സംഭരണശാലകൾ (Storage facilities) ഇതിനകം തന്നെ നിറഞ്ഞുകവിഞ്ഞതായും, ഇവ നശിപ്പിച്ചു കളയാൻ ഉണ്ടാകുന്ന വൻ ചെലവ് പോലീസിന്റെ ബജറ്റിനെ താളംതെറ്റിക്കുന്നതായും പാർലമെന്ററി സമിതിക്ക് മുന്നിൽ എഎഫ്പി വ്യക്തമാക്കി.

ഒരു കിലോഗ്രാം വേപ്പ് നശിപ്പിക്കുന്നതിന് 13 ഡോളർ വരെയാണ് പോലീസിന് ചെലവ് വരുന്നത്. ഇതിന്റെ കാട്രിഡ്ജ്, ബാറ്ററി, ഹീറ്റിംഗ് എലമെന്റ് എന്നിവ പ്രത്യേകം വേർതിരിച്ച് വേണം നശിപ്പിക്കാൻ എന്നതിനാലാണ് ചെലവ് ഉയരുന്നത്. സാധാരണ വലിപ്പമുള്ള 550 കിലോഗ്രാമിന്റെ ഒരു പാലറ്റ് (Pallet) ഉൽപ്പന്നങ്ങൾ നശിപ്പിക്കാൻ മാത്രം 7,150 ഡോളറിലധികം (ഏകദേശം 4 ലക്ഷത്തോളം രൂപ) ചെലവാകുന്നുണ്ട്. വൻതോതിൽ വേപ്പുകളും സിഗരറ്റുകളും പിടിച്ചെടുക്കുമ്പോൾ ഈ തുക പോലീസിന് താങ്ങാൻ കഴിയാത്ത ഒന്നായി മാറുകയാണ്. 2016-ന് ശേഷം ഓസ്‌ട്രേലിയയിൽ 266 കോടി വ്യാജ സിഗരറ്റുകളും, 510 ടൺ പുകയിലയും, 75 ലക്ഷം വേപ്പുകളുമാണ് പിടിച്ചെടുത്തിട്ടുള്ളത്.

വ്യാജ പുകയില വിപണി ശക്തമായതോടെ ഓസ്‌ട്രേലിയൻ ഗവൺമെന്റിന്റെ നികുതി വരുമാനത്തിൽ വെറും ആറ് മാസത്തിനുള്ളിൽ 600 കോടി ഡോളറിന്റെ വൻ നഷ്ടമാണുണ്ടായത്. ഈ കള്ളക്കടത്തിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ ലാഭം ക്രിപ്‌റ്റോകറൻസി വഴിയും സ്വകാര്യ എടിഎമ്മുകൾ വഴിയുമാണ് ക്രിമിനൽ സംഘങ്ങൾ വെളുപ്പിക്കുന്നത്. ഈ പണം പിന്നീട് മയക്കുമരുന്ന് കടത്ത്, തോക്ക് കച്ചവടം, കൊലപാതകങ്ങൾ തുടങ്ങിയ മറ്റ് വലിയ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നു. 2023 മുതൽ പുകയില മാഫിയകൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് 200-ലധികം ബോംബേറുകളും മൂന്ന് കൊലപാതകങ്ങളും ഓസ്‌ട്രേലിയയിൽ നടന്നിട്ടുണ്ട്. നിയമവിരുദ്ധ പുകയില ഇടപാടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആയിരത്തിലധികം ബാങ്ക് അക്കൗണ്ടുകൾ ഓസ്‌ട്രേലിയൻ ബാങ്കുകൾ ഇതിനകം തന്നെ റദ്ദാക്കിയിട്ടുണ്ട്. ഈ മാഫിയയെ അടിച്ചമർത്താൻ ശക്തമായ പുതിയ നിയമങ്ങൾ കൊണ്ടുവരണമെന്ന ആവശ്യം രാജ്യത്ത് ശക്തമാകുകയാണ്

Leave a Reply

Your email address will not be published. Required fields are marked *