മെൽബൺ: ഓസ്ട്രേലിയയിലെ വെസ്റ്റേൺ ഓസ്ട്രേലിയയിലുള്ള വൂൾവർത്ത്സ് സൂപ്പർമാർക്കറ്റിൽ നിന്നും വിലക്കിഴിവിൽ വാങ്ങിയ സാലഡ് ലീഫ് (ലെറ്റൂസ്) പാക്കറ്റിനുള്ളിൽ ജീവനുള്ള വലിയ തവളയെ കണ്ടെത്തി. വെസ്റ്റേൺ ഓസ്ട്രേലിയയിലെ എസ്പെരാൻസ് (Esperance) എന്ന തീരദേശ നഗരത്തിൽ താമസിക്കുന്ന ലൗറ ജോൺസ്, ബില്ലി ലെ പൈൻ എന്നിവരും സുഹൃത്തുക്കളും അടങ്ങുന്ന സംഘത്തിനാണ് പാക്കറ്റ് തുറന്നപ്പോൾ അപ്രതീക്ഷിത അതിഥിയെ ലഭിച്ചത്. വെറും 1.15 ഡോളറിന് ഓഫറിൽ വാങ്ങിയ രണ്ട് ലെറ്റൂസ് ഇലകളുടെ പാക്കറ്റിലാണ് ഒരു മനുഷ്യന്റെ ഉള്ളംകൈയോളം വലിപ്പമുള്ള തവളയുണ്ടായിരുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ തവളയ്ക്ക് ‘ഗ്രെഗ്’ എന്ന് പേരിടുകയും, തൊട്ടടുത്തുള്ള ഒരു അണക്കെട്ടിലേക്ക് സുരക്ഷിതമായി തുറന്നുവിടുകയും ചെയ്തു. തവളയെ പ്രകൃതിയിലേക്ക് തിരികെ വിടുന്ന സമയത്ത് ഇവർ മൊബൈലിൽ ‘ക്രേസി ഫ്രോഗ്’ എന്ന പ്രശസ്തമായ ഗാനം പ്ലേ ചെയ്ത് യാത്രയയപ്പ് നൽകിയതായും തമാശയോടെ പറഞ്ഞു. ന്യൂസിലാൻഡ് സ്വദേശികളായ ഈ യുവാക്കൾ തങ്ങളുടെ ഈ അപൂർവ്വ അനുഭവം ഓസ്ട്രേലിയയിലെ എബിസി ന്യൂസ് ബ്രേക്ക്ഫാസ്റ്റ് (ABC News Breakfast) എന്ന ദേശീയ ടെലിവിഷൻ പരിപാടിയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം ആഗോള ശ്രദ്ധ നേടിയത്.
അതേസമയം, ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും ഇതിനെക്കുറിച്ച് അതീവ പ്രാധാന്യത്തോടെ അന്വേഷണം ആരംഭിച്ചതായും വൂൾവർത്ത്സ് സൂപ്പർമാർക്കറ്റ് വക്താവ് അറിയിച്ചു. കർഷകരിൽ നിന്നും ഉൽപ്പന്നങ്ങൾ ശേഖരിക്കുമ്പോൾ കൃത്യമായ പരിശോധനകളും കഴുകി വൃത്തിയാക്കലും നടത്താറുണ്ടെന്നും പാക്കറ്റിനുള്ളിൽ തവള എങ്ങനെ എത്തിയെന്ന് പരിശോധിക്കുമെന്നും അവർ വ്യക്തമാക്കി. തവളയെ കണ്ടെത്തിയ ഉപഭോക്താക്കളെ നേരിട്ട് ബന്ധപ്പെട്ട് കമ്പനി ക്ഷമാപണം നടത്തുകയും അവർക്ക് പകരമായി മറ്റൊരു ലെറ്റൂസ് പാക്കറ്റ് നൽകുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, തവളയെ പ്രകൃതിയിലേക്ക് തുറന്നുവിട്ട നടപടി നല്ല ഉദ്ദേശത്തോടെയാണെങ്കിലും അത് അത്ര സുരക്ഷിതമല്ലെന്നാണ് തവളകളെക്കുറിച്ചുള്ള ഗവേഷകയായ ഡോ. ജോഡി റൗളി അഭിപ്രായപ്പെടുന്നത്. ഓസ്ട്രേലിയയിൽ ഇത്തരത്തിൽ പഴങ്ങൾക്കും പച്ചക്കറികൾക്കും ഇടയിൽപ്പെട്ട് ആയിരക്കണക്കിന് തവളകൾ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് പാക്ക് ചെയ്യപ്പെടാറുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന തവളകളെ കൃത്യമായി തിരിച്ചറിയാതെ മറ്റ് പരിസ്ഥിതിയിലേക്ക് തുറന്നുവിടുന്നത് രോഗങ്ങൾ പടരാൻ കാരണമാകുമെന്നും, അതിനാൽ അടുത്ത തവണ ആർക്കെങ്കിലും തവളയെ കിട്ടിയാൽ വിദഗ്ദ്ധരെ വിവരമറിയിക്കണമെന്നും അവർ നിർദ്ദേശിച്ചു. വലിപ്പം വെച്ച് നോക്കുമ്പോൾ ഇത് ഓസ്ട്രേലിയയിൽ സാധാരണയായി കാണുന്ന ‘മോട്ടോർബൈക്ക് ഫ്രോഗ്’ (Motorbike frog) ആകാനാണ് സാധ്യതയെന്നും അവർ കൂട്ടിച്ചേർത്തു.

