ബ്രിസ്ബേൻ: കൈരളി ബ്രിസ്ബേൻ ഒരുക്കുന്ന ആഗോള മൾട്ടി കൾച്ചറൽ ഹാർമണി പ്രോഗ്രാമായ ‘ബ്രിസ്ബേൻ ഫ്യൂഷൻ ഫെസ്റ്റിവൽ’ മെയ് മാസം 23 ശനിയാഴ്ച നടത്തപ്പെടുന്നു. മൗണ്ട് ഗ്രാവിറ്റ് ഷോ ഗ്രൗണ്ടിൽ (1644 Logan Rd, Mount Gravatt QLD 4122) വച്ചാണ് ഈ വിപുലമായ ജനകീയ ഉത്സവം അരങ്ങേറുന്നത്. അന്ന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികൾ രാത്രി 8 മണി വരെ നീണ്ടുനിൽക്കും. പൂർണ്ണമായും സൌജന്യ പ്രവേശനമാണ് ഈ പരിപാടിക്ക് ഒരുക്കിയിരിക്കുന്നത്.
സംസ്കാരങ്ങളുടെയും സംഗീതത്തിന്റെയും ഭക്ഷണവൈവിധ്യങ്ങളുടെയും കലവറയായി മാറുന്ന ഈ മേളയിൽ വൈവിധ്യമാർന്ന കലാപരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള സാംസ്കാരിക പ്രകടനങ്ങൾ (Cultural Performances), ആഗോള രുചിക്കൂട്ടുകൾ ഒത്തുചേരുന്ന ഭക്ഷണശാലകൾ (Global Cuisines & Flavours), കുട്ടികൾക്കായുള്ള പ്രത്യേക ആക്റ്റിവിറ്റി സോണും ജമ്പിംഗ് കാസിലും, വൈവിധ്യമാർന്ന ഗെയിമുകൾ, സ്റ്റാളുകൾ എന്നിവ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളാണ്. കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളായ ‘പോ പട്രോൾ’ (Paw Patrol) നേരിട്ടെത്തുന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയും മേളയ്ക്ക് മാറ്റുകൂട്ടും.
കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന രീതിയിൽ വിഭാവനം ചെയ്തിരിക്കുന്ന ഫെസ്റ്റിവലിന്റെ സമാപനത്തോട് അനുബന്ധിച്ച് ആകാശത്ത് വിസ്മയം തീർക്കുന്ന വcompanyയർവർക്സും (Fireworks) യുവത്വത്തെ ആവേശത്തിലാഴ്ത്തുന്ന ഡിജെ നൈറ്റും (DJ Night) ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. വിപുലമായ ഒരുക്കങ്ങളോടെ നടക്കുന്ന ഈ ആഗോള സൗഹാർദ്ദ മേളയിലേക്ക് മുഴുവൻ ആളുകളെയും സ്വാഗതം ചെയ്യുന്നതായി കൈരളി ബ്രിസ്ബേൻ ഭാരവാഹികൾ അറിയിച്ചു.

