മലയാളി പത്രം എഡിറ്റോറിയൽ
മെയ് 18, 2026
കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒരു പുതിയ യുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാർ ഇന്ന് തിരുവനന്തപുരത്ത് അധികാരമേറ്റിരിക്കുന്നത്. ഭരണത്തുടർച്ചകളുടെ പതിവ് ശൈലികളെ കാറ്റിൽപ്പറത്തി, 102 സീറ്റുകളുടെ വമ്പിച്ച ഭൂരിപക്ഷത്തോടെ ജനങ്ങൾ നൽകിയ ഈ ജനവിധി വെറുമൊരു ഭരണമാറ്റമല്ല; മറിച്ച്, കൂടുതൽ സുതാര്യവും ആധുനികവും പ്രായോഗികവുമായ ഒരു ‘നവ കേരള’ സൃഷ്ടിക്കായുള്ള മലയാളി സമൂഹത്തിന്റെ അടങ്ങാത്ത ആഗ്രഹത്തിന്റെ പ്രതിഫലനമാണ്. വിപ്ലവകരമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന വി.ഡി.എസ് സർക്കാരിന്റെ പ്രകടനപത്രിക യാഥാർത്ഥ്യമാക്കാനുള്ള എല്ല പ്രവർത്തനങ്ങൾക്കും മലയാളി പത്രം ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.
വലിയ പ്രതീക്ഷകളും സാധാരണക്കാരന്റെ സ്വപ്നങ്ങളും
ഒരു വശത്ത് പണപ്പെരുപ്പവും ജീവിതച്ചെലവും സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുമ്പോൾ, സമാശ്വാസത്തിന്റെ വലിയൊരു പ്രതീക്ഷയാണ് ഈ പുതിയ സർക്കാർ നൽകുന്നത്. ആശാവർക്കരുടെയും മറ്റ് അനുബന്ധ തൊഴിലാളികളുടെയും വേദന വർദ്ദനവ്, ഷേമപെൻഷനുകൾ വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനവും, സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്രയും, വയോജന സംരക്ഷണ പദ്ധതിയും മറ്റും താഴെത്തട്ടിലുള്ള ജനവിഭാഗങ്ങൾക്ക് വലിയ താങ്ങായി മാറും. ആദ്യഘട്ട ക്ഷേമപദ്ധതികൾ ജൂൺ 15 മുതൽ നടപ്പിലാക്കിത്തുടങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളുടെ പ്രതീക്ഷകൾക്ക് വേഗത കൂട്ടുന്നു.
വികസനത്തിന്റെ പുതിയ ദൂരക്കാഴ്ചകളും വെല്ലുവിളികളും
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തെ ഒരു വേറിട്ട വികസന മാതൃകയാക്കി മാറ്റുക എന്നത് ഈ സർക്കാരിന്റെ വലിയൊരു ദൗത്യമാണ്. കേരളത്തിന്റെ തനതായ തീരദേശത്തെ പരസ്പരം ബന്ധിപ്പിക്കുന്ന ‘മിഷൻ സമുദ്ര’ പോലുള്ള സ്വപ്ന പദ്ധതികൾ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും ടൂറിസത്തിലും പുതിയൊരു വിപ്ലവത്തിന് വഴിതുറക്കും എന്നതിൽ സംശയമില്ല. എങ്കിലും, ഈ വാഗ്ദാനങ്ങൾ നടപ്പിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നിലവിലെ സംസ്ഥാനത്തിന്റെ വലിയ സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും ഈ പദ്ധതികൾക്ക് മുന്നിൽ വലിയൊരു ചോദ്യചിഹ്നമായി നിൽക്കുന്നുണ്ട്. ജനപ്രിയ പദ്ധതികൾക്കൊപ്പം തന്നെ സംസ്ഥാനത്തിന്റെ ഉത്പാദന മേഖലയെ ഉണർത്താനും, യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താനും സർക്കാരിന് സാധിക്കേണ്ടതുണ്ട്. വ്യക്തികേന്ദ്രീകൃതമായ തീരുമാനങ്ങൾക്ക് പകരം ഒരു കൂട്ടായ ടീം വർക്കായി ഭരണം മുന്നോട്ട് കൊണ്ടുപോകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഇവിടെ ഏറെ പ്രസക്തമാണ്.
മതനേതൃത്വങ്ങളോടുള്ള സൗന്ദര്യാത്മകമായ അകലം
ഈ സർക്കാരിന്റെയും വി.ഡി. സതീശൻ എന്ന രാഷ്ട്രീയ നേതാവിന്റെയും ഏറ്റവും ശ്രദ്ധേയമായ സവിശേഷത, പരമ്പരാഗതമായ ജാതി-മത പ്രീണന രാഷ്ട്രീയത്തിൽ നിന്നുള്ള കൃത്യമായ അകലം പാലിക്കലാണ്. കേരള ത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും, വികസന അജണ്ടകളിൽ സാമുദായിക താല്പര്യങ്ങൾ കടന്നുകൂടാതെ നോക്കാനും ഈ ആധുനിക നിലപാട് സഹായിക്കും. ഒരു മതേതര ജനാധിപത്യ സർക്കാരിന് ഉണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഗുണവും ഇതുതന്നെയാണ്.
വാഗ്ദാനങ്ങളുടെ പെരുമഴ സൃഷ്ടിച്ച് അധികാരത്തിലേറുന്നത് എളുപ്പമാണ്, എന്നാൽ അവ യാഥാർത്ഥ്യ മാക്കാൻ ഭരണപരമായ ഇച്ഛാശക്തി ആവശ്യമാണ്. പ്രകടനപത്രികയിലെ ഓരോ വരിയും വോട്ട് ചെയ്ത സാധാരണക്കാരൻ കാത്തിരിക്കുന്ന മാറ്റത്തിന്റെ രേഖയാണ്; അതിനോട് നീതി പുലർത്താൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്.ശക്തമായ ഒരു പ്രതിപക്ഷത്തെ ശത്രുക്കളായല്ല, മറിച്ച് ജനാധിപത്യത്തിലെ തിരുത്തൽ ശക്തിയായി കണ്ട് വിശ്വാസത്തിലെടുക്കാൻ പുതിയ സർക്കാരിന് സാധിക്കണം. അനാവശ്യ വിവാദങ്ങളെ ക്കാൾ വികസനത്തിനും ജനക്ഷേമത്തിനും മുൻഗണന നൽകി, ഇന്ത്യയ്ക്ക് തന്നെ മാതൃകയാക്കാവുന്ന ഒരു നവകേരളം കെട്ടിപ്പടുക്കാൻ വി.ഡി. സതീശനും അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്കും കഴിയട്ടെ.
പുതിയ സർക്കാരിനും കേരള ജനതയ്ക്കും ഞങ്ങളുടെ അത്യുജ്ജലമായ മംഗളാശംസകൾ!

