കൊച്ചി: മോഡലിംഗ് രംഗത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്തേക്ക് കടത്തിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കേസിൽ രണ്ട് യുവതികളെ മരട് പോലീസ് അറസ്റ്റ് ചെയ്തു. സിന്ധു, അലീന എന്നിവരെയാണ് പിടികൂടിയത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
മോഡലിംഗ് അവസരങ്ങൾ വാഗ്ദാനം ചെയ്താണ് പ്രതികൾ യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. അവിടെ എത്തിയശേഷം പാസ്‌പോർട്ടും മറ്റ് രേഖകളും പിടിച്ചുവച്ച് ലൈംഗിക ചൂഷണത്തിന് നിർബന്ധിതരാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. വഴങ്ങാതിരുന്നതിനെ തുടർന്ന് മർദനത്തിനും ഇരയായതായും യുവതികൾ മൊഴി നൽകി.വിദേശത്ത് കഴിയുന്നതിനിടെ മയക്കുമരുന്ന് നൽകി ബോധരഹിതരാക്കി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പിന്നീട് ചിലരുടെ സഹായത്തോടെയാണ് യുവതികൾ നാട്ടിലെത്തിയത്.
യുവതികളുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേരെ ഉൾപ്പെടുത്തി പോലീസ് പ്രാഥമിക പ്രതിപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യക്കടത്ത് ശൃംഖലയുമായുള്ള ബന്ധവും പോലീസ് പരിശോധിച്ചുവരികയാണ്. സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകാനിടയുണ്ടെന്നും പോലീസ് അറിയിച്ചു.

