തമിഴ്നാട്ടിൽ അമ്മ ക്യാന്‍റീനുകൾ നവീകരിക്കാൻ വിജയ് സർക്കാർ

ചെന്നൈ: തമിഴ്നാട്ടിൽ എഐഎഡിഎംകെ ഭരണകാലത്ത് ആരംഭിച്ച ‘അമ്മ ക്യാന്‍റീനുകൾ’ നവീകരിക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിർദേശം നൽകി. ക്യാന്‍റീൻ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യതയും ഉറപ്പാക്കാനാണ് സർക്കാർ തീരുമാനം. അമ്മ ക്യാന്‍റീനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും രുചിയെയും കുറിച്ച് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.

പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുവെന്ന് അധികൃതർ അറിയിച്ചു. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ കീഴിൽ 383 അമ്മ ക്യാന്‍റീനുകളും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ 267 ക്യാന്‍റീനുകളും സംസ്ഥാനത്തുണ്ട്.

മുൻ മുഖ്യമന്ത്രി ജയ ലളിത ആരംഭിച്ച ജനക്ഷേമ പദ്ധതികളിൽ പ്രധാനപ്പെട്ടതായിരുന്നു അമ്മ ക്യാന്‍റീൻ പദ്ധതി.മുൻ സർക്കാരിന്റെ കാലത്ത് പദ്ധതിയുടെ പേര് നിലനിർത്തിയിരുന്നെങ്കിലും സാമ്പത്തിക സഹായം കുറച്ചുവെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാനുള്ള നീക്കവുമായി പുതിയ സർക്കാർ രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *