അമേരിക്ക ആക്രമിച്ചാൽ ‘രക്തച്ചൊരിച്ചിൽ’; മുന്നറിയിപ്പുമായി ക്യൂബ

ഹവാന: അമേരിക്ക ക്യൂബയ്‌ക്കെതിരെ സൈനിക നടപടി സ്വീകരിച്ചാൽ വലിയ രക്തച്ചൊരിച്ചിലിനും പ്രാദേശിക അസ്ഥിരതയ്ക്കും ഇടയാകുമെന്ന് ക്യൂബ പ്രസിഡന്റ് മിഗ്വൽ ഡയന് കാനൽ മുന്നറിയിപ്പ് നൽകി. അമേരിക്കൻ ആക്രമണം ഉണ്ടായാൽ അതിന്റെ പ്രത്യാഘാതങ്ങൾ കണക്കുകൂട്ടാനാകാത്തതായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

“ക്യൂബ ഒരു ഭീഷണിയല്ല” എന്ന് സാമൂഹിക മാധ്യമമായ എക്സിലെ സന്ദേശത്തിൽ ഡിയാസ്-കാനൽ പറഞ്ഞു. അമേരിക്കൻ സൈനിക ഇടപെടൽ മേഖലയിലെ സമാധാനത്തെയും സ്ഥിരതയെയും ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റഷ്യയിലും ഇറാനിലും നിന്ന് 300-ലധികം സൈനിക ഡ്രോണുകൾ ക്യൂബ സ്വന്തമാക്കിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. ഗ്വാണ്ടനാമോ ബേയിലെ അമേരിക്കൻ നാവിക താവളത്തെയും ഫ്‌ളോറിഡയിലെ ചില കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണ സാധ്യതകൾ ക്യൂബ ചർച്ച ചെയ്തുവെന്നായിരുന്നു അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ, ഇത് സൈനിക ഇടപെടലിന് ന്യായീകരണം കണ്ടെത്താനുള്ള വ്യാജപ്രചാരണമാണെന്ന് ക്യൂബ ആരോപിച്ചു.

അമേരിക്ക അടുത്തിടെ ക്യൂബൻ മന്ത്രിമാർക്കും സൈനിക-ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കുമെതിരെ പുതിയ ഉപരോധങ്ങളും പ്രഖ്യാപിച്ചിരുന്നു. വെനിസ്വേലയിൽ നിന്നുള്ള എണ്ണവിതരണം തടയാനുള്ള നീക്കങ്ങളും ക്യൂബയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപ് ക്യൂബയിലെ രാഷ്ട്രീയ വ്യവസ്ഥയിൽ വലിയ മാറ്റം വേണമെന്ന നിലപാട് ആവർത്തിക്കുന്നതിനിടെയാണ് ക്യൂബയുടെ മുന്നറിയിപ്പ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്ന സാഹചര്യത്തിലാണ് പുതിയ പ്രസ്താവന.

Leave a Reply

Your email address will not be published. Required fields are marked *