സാൻ ഡിയാഗോ പള്ളിയിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ: അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ ഡിയാഗോയിലെ പള്ളിയിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട രണ്ട് കൗമാരപ്രായക്കാരെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

സാൻ ഡിയാഗോയിലെ ഇസ്ലാമിക് സെൻറർ ഓഫ് സാൻ ഡിയാഗോ പള്ളിയിലായിരുന്നു ആക്രമണം. ഉച്ചപ്രാർത്ഥനയ്ക്ക് തൊട്ടുമുമ്പാണ് വെടിവെപ്പ് ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിൽ ഒരു സുരക്ഷാ ജീവനക്കാരനും ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. സുരക്ഷാ ജീവനക്കാരന്റെ ഇടപെടലാണ് കൂടുതൽ പേർക്ക് അപകടം സംഭവിക്കുന്നത് ഒഴിവാക്കിയതെന്ന് പൊലീസ് അറിയിച്ചു.

17, 19 വയസുള്ള രണ്ട് പ്രതികളെയാണ് പിന്നീട് സമീപ പ്രദേശത്തെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് വെടിവെപ്പ് ഉണ്ടായിട്ടില്ലെന്ന് എഫ്ബിഐ വ്യക്തമാക്കി.സംഭവം വിദ്വേഷ കുറ്റകൃത്യമാണോയെന്ന് എഫ്ബിഐ അന്വേഷണം ആരംഭിച്ചു. പ്രതികളുടെ വാഹനത്തിൽ നിന്നും മുസ്ലിം വിരുദ്ധ സന്ദേശങ്ങളും വിദ്വേഷ കുറിപ്പുകളും കണ്ടെത്തിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവസമയത്ത് പള്ളിയോട് അനുബന്ധിച്ചിരുന്ന സ്കൂളിലെ കുട്ടികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. ആക്രമണത്തെ വിവിധ മുസ്ലിം സംഘടനകളും രാഷ്ട്രീയ നേതാക്കളും അപലപിച്ചു. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *