നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് നൽകണമെന്ന ആവശ്യത്തിൽ കടുപ്പം തുടരുന്നതായി പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. പാർട്ടിക്ക് പൂർണമായും അർഹതപ്പെട്ട പദവിയായതിനാലാണ് ആവശ്യം ഉന്നയിക്കുന്നതെന്നും ഇതിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിനുള്ളിൽ പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെയാണ് സിപിഐ നിലപാട് ശക്തമാക്കിയത്. ഇതുവരെ സിപിഎമ്മാണ് പ്രതിപക്ഷ നേതാവിന്റെയും ഉപനേതാവിന്റെയും സ്ഥാനങ്ങൾ കൈവശം വെച്ചിരുന്നതെങ്കിലും ഇത്തവണ അതിൽ മാറ്റം വേണമെന്നാണ് സിപിഐയുടെ ആവശ്യം.
ഉപനേതാവായി ആരെ പരിഗണിക്കണമെന്നതിൽ പാർട്ടിക്ക് വ്യക്തമായ ധാരണയുണ്ടെന്നും മറ്റ് എൽഡിഎഫ് ഘടകകക്ഷികളും സിപിഐയുടെ ആവശ്യം ന്യായമാണെന്ന് അഭിപ്രായപ്പെടുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം, പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിനെയും ബിനോയ് വിശ്വം വിമർശിച്ചു.

