കൊച്ചി: ഡോ. വന്ദന ദാസ് വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സന്ദീപ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെയാണ് പ്രതി അപ്പീൽ നൽകിയിരിക്കുന്നത്.ശിക്ഷ വിധിച്ച സാഹചര്യത്തിൽ അപ്പീൽ പരിഗണിക്കുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം.
കേസിൽ വിചാരണക്കോടതി തെളിവുകൾ ശരിയായി വിലയിരുത്തിയില്ലെന്നും പ്രതിഭാഗം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.2023 മേയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കിടെ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന സന്ദീപ് ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ മറ്റ് ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റിരുന്നു.
കേസിൽ പ്രതിക്ക് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവും പിഴയും ശിക്ഷയായി വിധിച്ചിരുന്നു. അപ്പീൽ ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.

