അപകടകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പൊതുജന സുരക്ഷയും മനുഷ്യജീവനും മുൻനിർത്തി, അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കാൻ അനുമതി നൽകി സുപ്രീം കോടതിയുടെ സുപ്രധാന വിധി. 2025 നവംബറിൽ പുറപ്പെടുവിച്ച ഉത്തരവിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മൃഗസംരക്ഷണ പ്രവർത്തകരും വിവിധ സംഘടനകളും സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിക്കൊണ്ടാണ് ഈ നടപടി.

തെരുവ് നായ്ക്കളുടെ അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പേവിഷബാധയുള്ളതോ അതീവ അപകടകാരികളോ ആയ നായ്ക്കളെ ദയാവധം ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് കോടതി അനുമതി നൽകി. കൂടാതെ, കോടതി നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കുമെന്നും, ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ പേരിൽ അവർക്കെതിരെ നടപടികൾ ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.

പൊതുസ്ഥലങ്ങളിൽ നിന്ന് പിടികൂടുന്ന തെരുവ് നായ്ക്കളെ വാക്സിനേഷനും വന്ധ്യംകരണത്തിനും ശേഷം തിരികെ തെരുവിൽ വിടേണ്ടതില്ലെന്നും കോടതി നിർദ്ദേശിച്ചു. പകരം, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കം ചെയ്യുന്ന ഇത്തരം നായ്ക്കളെ പ്രത്യേക ഷെൽറ്ററുകളിലേക്ക് മാറ്റാനാണ് ഉത്തരവ്. എല്ലാ ജില്ലകളിലും ശാസ്ത്രീയമായ അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രങ്ങൾ സജ്ജമാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷിതമായി ജീവിക്കാനുള്ള അവകാശം തടസ്സപ്പെടുത്തുന്ന സാഹചര്യങ്ങൾ അനുവദിക്കാനാവില്ലെന്നും, ഇക്കാര്യത്തിൽ സർക്കാർ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *