സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പഠിക്കാൻ പ്രത്യേക സമിതി, ധവളപത്രം പുറത്തിറക്കും; കെ.എം. ചന്ദ്രശേഖർ അധ്യക്ഷൻ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വിശദമായി പഠിച്ച് ധവളപത്രം പുറത്തിറക്കുന്നതിനായി സർക്കാർ പ്രത്യേക ഉന്നതതല സമിതിയെ രൂപീകരിച്ചു. മുൻ ക്യാബിനറ്റ് സെക്രട്ടറി ഡോ. കെ.എം. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലുള്ള നാലംഗ സമിതിയെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ധനവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സമിതിയുടെ കൺവീനറായി പ്രവർത്തിക്കും. സാമ്പത്തിക വിദഗ്ധൻ ഡോ. നാരായണ, സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് (CDS) ഡയറക്ടർ ഡോ. വീരമണി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ അതീവ ഗുരുതരമാണെന്നും, നിലവിലെ സ്ഥിതിഗതികൾ വസ്തുനിഷ്ഠമായി പഠിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ധവളപത്രം തയ്യാറാക്കുന്നതിനായി വിദഗ്ധരടങ്ങുന്ന സമിതിയെ നിയോഗിച്ചിരിക്കുന്നത്. സാമ്പത്തിക മേഖലയിലെ വീഴ്ചകളും പ്രതിസന്ധികളും വിശദമായി പരിശോധിച്ച ശേഷം സമിതി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. പുതിയ സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെ പ്രഖ്യാപിച്ച പ്രധാനപ്പെട്ട ഭരണപരമായ തീരുമാനങ്ങളിൽ ഒന്നാണിത്.

Leave a Reply

Your email address will not be published. Required fields are marked *